കൊച്ചി- രാമക്ഷേത്രത്തിന്റെ പേരിൽ സംഘപരിവാർ നടത്തുന്ന കോലാഹലങ്ങൾ അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് സ്വാമി അഗ്നിവേശ്. ബാബര്ി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതി വിധി എന്തു തന്നെയായാലും അത് എല്ലാവരും അംഗീകരിക്കൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ബാബ്‌രി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബ്‌രി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് സംഘ്പരിവാരം പ്രചരിപ്പിക്കുന്നത്. ബാബ്‌രി മസ്ജിദ് നിർമിച്ചുവെന്നു പറയുന്ന കാലത്ത് ജീവിച്ചിരുന്ന ശ്രീരാമ ഭക്തനായ തുളസീദാസ് പക്ഷേ ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് പറയുന്നില്ല. സിക്ക് ഗുരുവായ ഗുരു ഗോബിന്ദ് സിങിന്റെ എഴുത്തുകളിലും ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് പറയുന്നില്ല.
മറാത്ത രാജാവായിരുന്ന ശിവജിയും രാമക്ഷേത്രം തകർത്തെന്ന് എവിടെയും പറഞ്ഞിട്ടില്ല. ആര്യ സമാജ സ്ഥാപകനായ ദയാനന്ദ സരസ്വതിയോ സ്വാമി വിവേകാനന്ദനോ മഹാത്മാ ഗാന്ധിയോ ഇങ്ങനെയൊരു കാര്യം എവിടെയും പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് വിശ്വ ഹിന്ദു പരിഷത്തും ബിജെപിയും ആർഎസ്എസും അദ്വാനിയും നരേന്ദ്ര മോഡിയും മുരളീമനോഹർ ജോഷിയും അമിത് ഷായും മോഹൻ ഭാഗവതുമൊക്കെ രാമക്ഷേത്രം പൊളിച്ചാണ് ബാബ്‌രി മസ്ജിദ് നിർമിച്ചതെന്ന് പറയുന്നത്. അവരുടെ പ്രചാരണങ്ങൾ നുണയാണ്.
ബാബ്‌രി മസ്ജിദ് സംബന്ധിച്ച് സുപ്രീം കോടതിയിൽ നടക്കുന്ന കേസ് ഭൂവുടമസ്ഥതയെ സംബന്ധിച്ചുള്ളതാണ്. അത് വഖഫ് ഭൂമിയാണെന്ന് നമ്മൾ പറയുന്നു. ഇനി സുപ്രീം കോടതി അത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞാൽ നാം സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. സുപ്രീം കോടതി വിധി അംഗീകരിക്കുമെന്ന് നാമെല്ലാം ഒറ്റ സ്വരത്തിൽ പറയണം. സുപ്രീം കോടതി വിധി അംഗീകരിക്കാൻ താൽപര്യമില്ലെങ്കിൽ കേസ് പിൻവലിച്ച് തെരുവിൽ പോരാടണം. രാമക്ഷേത്ര നിർമാണമെന്ന് പറഞ്ഞ് നിയമമോ ഓർഡിനൻസോ കൊണ്ടുവരുന്നതിനെ തെരുവിൽ തന്നെ തോൽപിക്കും. ഈ രാജ്യത്തെ അങ്ങനെ തകർക്കാനാവില്ല. നാം സുപ്രീംകോടതി വിധിയെ രാജ്യത്തെ നിയമമായി കാണണം. നീതിയും സമാധാനവും ഉണ്ടാവാൻ അങ്ങനെയൊരു നിലപാടാണ് വേണ്ടത്. സ്വാതന്ത്ര്യത്തിന്റെ സമയത്ത് മുസ്ലിംകൾ പാക്കിസ്ഥാനിൽ പോവണമെന്ന് ജിന്നയടക്കമുള്ളവർ പറഞ്ഞിട്ടും ഇവിടെ ഉറച്ചു നിന്നവരാണ് ഇന്ത്യൻ മുസ്ലിംകൾ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു ആർഎസ്എസുകാരൻ പോലും ജയിലിൽ പോവുകയോ തൂക്കിലേറ്റപ്പെടുകയോ ഉണ്ടായിട്ടില്ല. അവരാണ് ഇപ്പോൾ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് നൽകുന്നത്. വന്ദേമാതരം ചൊല്ലിയാൽ മാത്രമേ ഇന്ത്യയിൽ തുടരാനാവൂ എന്നാണ് അവർ പറയുന്നത്. അവരുടെ നിർബന്ധം അംഗീകരിച്ച് ഒരാൾ പോലും അത് ചൊല്ലരുത്. മുസ്‌ലിംകൾ ഇന്ത്യയിൽ അന്തസ്സോടെ തന്നെ ജീവിക്കും. അവരെ ആർക്കും പുറത്താക്കാൻ സാധിക്കില്ല. മുസ്ലിംകളെ ഭയപ്പെടുത്തി ക്ഷേത്രം പണിയാൻ നോക്കിയാൽ മുസൽമാന്റെ ഹൃദയത്തിലെ തീയണയില്ല. എല്ലാ പോരാട്ടങ്ങൾക്കും താൻ കൂടെയുണ്ടാവുമെന്നും അഗ്‌നിവേശ് കൂട്ടിച്ചേർത്തു.
ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളിൽ മമ്പഈ അധ്യക്ഷത വഹിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെർമാൻ ഇ അബൂബക്കർ, ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന ട്രഷറർ വി എം ഫത്തഹുദീൻ റഷാദി ബാബ്‌രി ചരിത്രം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്സൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്റഫ് മൗലവി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം, കേരളാ മുസ്ലിം ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് അഡ്വ.എ പൂക്കുഞ്ഞ്, പിഡിപി വൈസ് പ്രസിഡന്റ് മാഹീൻ ബാദുഷാ മൗലവി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, മെക്ക ജനറൽ സെക്രട്ടറി എൻ കെ അലി, ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം അബ്ദുൽ ശുക്കൂർ അൽഖാസിമി, ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഹാഫിസ് ഷഫീഖ് അൽ ഖാസിമി സംസാരിച്ചു.