തിരുവനന്തപുരം - ജാതി സംഘടനകളെ കൂടെ നിർത്തിയുള്ള വർഗ സമരം ഒരിക്കലും കമ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ.
ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകർത്തുന്നതല്ല വർ ഗ സമരത്തിന്റെ രീതിശാസ്ത്രം എന്നും എൻ.സി. ശേഖറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങി വി.എസ് പറഞ്ഞു.
ശബരിമല വിവാദത്തിന്റെ വെളിച്ചത്തിൽ സാമുദായിക, സാമൂഹ്യ സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്ത പശ്ചാത്തലത്തിൽ വി. എസിന്റെ പ്രതികരണത്തിന് പലവിധ രാഷ്ട്രീയ മാനങ്ങളുണ്ട്. നമുക്ക് എതിർത്ത് തോൽപിക്കാനുള്ളത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തെയാണ്. സമൂഹത്തിൽ സവർണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയർത്താനാണ് അവർ ജാതിസംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാവില്ല. ഒരു ബൂർഷ്വാ സമൂഹത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ അണികളിലെത്തിക്കുന്നതും അവരെ കർമ്മരംഗത്തേക്ക് ആനയിക്കുന്നതും അത്ര എളുപ്പമല്ല. പക്ഷേ ആ വെല്ലുവിളി ഏറ്റെടുത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് സമരശേഷി ഉണ്ടാക്കിയെടുക്കാൻ മുമ്പേ നടന്നയാളാണ് എൻ.സി. ശേഖർ. അംഗങ്ങൾ നല്ല കമ്യൂണിസ്റ്റായിരിക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സമര ശേഷിക്ക് അത്യാവശ്യമാണ്. ബൂർഷ്വാ സമൂഹത്തിലാണ് കമ്യൂണിസ്റ്റുകാരൻ പ്രവർത്തിക്കുന്നത്.
ഇന്ത്യ ഇന്ന് കടന്നുപോകുന്ന ആസുരമായ അവസ്ഥാ വിശേഷമുണ്ട്. ആഗോള മൂലധന ശക്തികൾക്ക് അടിമപ്പണി ചെയ്യുന്ന ബി.ജെ.പി സർക്കാർ ജനജീവിതം ദുസ്സഹമാക്കി. അഴിമതിയും ജനദ്രോഹ നടപടികളും കാരണം ജനങ്ങൾ വീർപ്പുമുട്ടുന്നു. എല്ലാ പിടിപ്പുകേടുകൾക്കും അഴിമതികൾക്കും മറയിടാൻ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കുകയാണ് ഭരണകൂടം. തൊഴിലാളിയും കർഷകനും പ്രതിഷേധത്തിന്റെ അലകടൽ തീർക്കുകയാണ് ഇന്ത്യയിൽ. കർഷകരെയും തൊഴിലാളികളെയും വർഗ ഐക്യത്തിന്റെ പാതയിലേയ്ക്ക് നയിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളേറ്റെടുക്കുകയാണ് ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും അടിയന്തര കടമ. ആ കടമ നിർവ്വഹിക്കപ്പെടാതിരിക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. ആ ശ്രമത്തിന് ഭരണകൂട പിന്തുണ നൽകുകയാണ് ബി.ജെ.പിയുടെ ദൗത്യം. ജനങ്ങളെ വർഗീയമായി വേർപിരിക്കാനെളുപ്പമാണ്. എന്നാൽ വർഗപരമായി സംഘടിപ്പിക്കാൻ ഏറെ പ്രയാസവുമാണ്.
ബി.ജെ.പി ശ്രമിക്കുന്നത് സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിറുത്താനാണ്. നമുക്കേ റ്റെടുക്കാനുള്ള കടമ വർഗ ഐക്യം കെട്ടിപ്പടുക്കാനുമാണെന്ന് വി.എസ് പറഞ്ഞു.