ദുബായ്- ഇത്തവണ ദേശീയ ദിനാഘോഷത്തിനിടെ യുഎഇയില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു ഇമാറാത്തി പെണ്‍കുട്ടിയുടെ കരച്ചില്‍ വൈറലായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഫോണ്‍ വിളി തനിക്കു മാത്രം ലഭിച്ചില്ലെന്ന് പരിഭവം പറഞ്ഞു കൊണ്ടായിരുന്നു ആ കരച്ചില്‍. ദേശീയ ദിനാശംസകള്‍ നേര്‍ന്ന് യുഎഇയിലുള്ളവര്‍ക്കാണ് 1971 എന്ന നമ്പറില്‍ നിന്ന് ശൈഖ് മുഹമ്മദ് വിളിയെത്തിയിരുന്നത്. ആശംസകള്‍ അറിയിച്ചു കൊണ്ട് റെക്കോര്‍ഡ് ചെയ്ത ശബ്ദമായിരുന്നു അത്. എങ്കിലും ആ വിളി ലഭിക്കാത്തത് ഒരു സാധാരണ ഇമാറാത്തി പെണ്‍കുട്ടിയായ സലാമ അല്‍കഹ്ത്താനിക്ക് സഹിക്കാനായില്ല. അവളുടെ കരച്ചില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വിവരമറിഞ്ഞ ശൈഖ് മുഹമ്മദിന്റെ തീരുമാനം സാലമയേയും കുടുംബത്തേയും മാത്രമല്ല, യുഎഇക്കാരെ മൊത്തം ഞെട്ടിച്ചു. വിളിക്കാത്ത പരിഭവം പറഞ്ഞ സലാമയെ ശൈഖ മുഹമ്മദ് നേരിട്ടു ചെന്ന് കണ്ടാണ് ആശംസ നേര്‍ന്നത്. പിന്നെ ആശ്വാസ വചനവും കൂടെ ഒരു മുത്തവും. 'ഞാന്‍ എല്ലാവരേയും ഫോണില്‍ വിളച്ചിട്ടെ ഉള്ളൂ. നേരിട്ടു കാണാനെത്തിയത് സലാമയെ മാത്രമാണ്. നീ എന്റെ മോളാണ്. ദൈവം അനുഗ്രഹിക്കട്ടെ. ഇക്കാര്യം ഇനി എല്ലാവരോടും പറഞ്ഞേക്കൂ...'- ശൈഖ് വാക്കുകള്‍ കേട്ട സലാമയ്ക്ക് ഇരട്ടി സന്തോഷം. സലാമയെ ശൈഖ് സന്ദര്‍ശിക്കുന്ന വിഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.