Sorry, you need to enable JavaScript to visit this website.

ബന്ധു നിയമനം: മന്ത്രി ജലീലിനെതിരെ  കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്

മലപ്പുറം - ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലെ മറുപടി കിട്ടിയാലുടൻ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും വാർത്താസമ്മേളനത്തിൽ പറഞ്ഞു.  നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചപോലെ കോടതിയിൽ രക്ഷപ്പെടാൻ ജലീലിനോ മുഖ്യമന്ത്രിക്കോ കഴിയില്ല. നിയമനത്തിലൂടെ സർക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ജനറൽ മാനേജർ തസ്തികയിൽ ഒരുമാസത്തെ ശമ്പളം മന്ത്രിബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതൽ നഷ്ടങ്ങളറിയാൻ അന്വേഷണം നടത്തേണ്ടതിന് പകരം ഇതു വേണ്ടെന്ന നിലപാടാണ് സർക്കാരിന്റേത്. അനധികൃത നിയമനത്തെ കുറിച്ച് അന്വേഷണം നടക്കണം.  യു.ഡി.എഫ് കാലത്ത് സഹകരണ ബാങ്കിൽ നിന്നുള്ളയാളെ ജനറൽ മാനേജരായി നിയമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സഹകരണബാങ്ക് സർക്കാരിന് കീഴിലും സൗത്ത് ഇന്ത്യൻ ബാങ്ക് സ്വകാര്യമേഖലയിലുമാണെന്ന് മറക്കരുത്. വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റംവരുത്തിയത് മന്ത്രിസഭ കാണേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി വാസ്തവ വിരുദ്ധമാണ്. 
യോഗ്യത സംബന്ധിച്ച യു.ഡി.എഫ് മന്ത്രിസഭയുടെ അംഗീകാരം മറ്റൊരു കാബിനറ്റിലൂടെയേ മറികടക്കാനാവൂ. ജലീൽ പറയുന്ന കള്ളങ്ങൾ മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിക്കുകയാണ്. ജലീലിനേക്കാൾ നിസാരമായ കുറ്റത്തിന് ഇ.പി.ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രി ജലീലിനെ തള്ളിപ്പറയാൻ ഭയക്കുന്നതെന്തെന്ന് വ്യക്തമാക്കണം. ധാർമ്മികതയുണ്ടെങ്കിൽ ജലീൽ രാജിവെക്കണം. ആത്മാഭിമാനം ഉള്ളതിനാലാണ് അദീബ് രാജിവെച്ചതെന്നാണ് പറയുന്നത്. കുടുംബത്തിൽ അദീബിന് മാത്രമേ ആത്മാഭിമാനമൊള്ളൂയെന്ന് ജലീൽ വ്യക്തമാക്കണം. വികാരപ്രകടനങ്ങൾ നിയമസഭയ്ക്കകത്തല്ല വീട്ടിനകത്താണ് പ്രകടിപ്പിക്കേണ്ടത്. ലീഗ് ശത്രുപക്ഷത്ത് നിന്ന് വേട്ടയാടുന്നെന്ന് പറഞ്ഞ് ലീഗ് വിരുദ്ധതയുണ്ടാക്കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു.
 

Latest News