മദീന- വർഗീയ ധ്രുവീകരണത്തെയും ഫാസിസത്തെയും ചെറുക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്ന് നവോദയ മദീന ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും നിലനിർത്താൻ ജനാധിപത്യ വിശ്വാസികൾ ഒരുമിക്കേണ്ടതുണ്ട്. കോർപ്പറേറ്റുകളുടെ സഹായത്തോടെ അധികാരത്തിലെത്തിയ എൻ.ഡി.എ സർക്കാർ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
'സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചു കോർപറേറ്റുകളെ സഹായിക്കുകയാണ് നോട്ടു നിരോധനം വഴി ഫാസിസ്റ്റ് ഗവൺമെന്റ് ചെയ്തതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ വി.കെ റഊഫ് പറഞ്ഞു.
ഫാസിസ്റ്റ് ശക്തികളുടെ അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നത് തടയാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസത്തെ സംരക്ഷിക്കുന്നവരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദൽഹിയിൽ അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ഇരുനൂറിലധികം കർഷക സംഘടനകൾ നടത്തുന്ന മാർച്ചിന് മദീന നവോദയ സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ദില്ലി കർഷക സമരത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള പ്രമേയം സലാം കല്ലായിയും രക്തസാക്ഷി പ്രമേയം സജി ലബ്ബയും അനുശോചന പ്രമേയം ഫൈസൽ പള്ളിക്കണ്ടിയും അവതരിപ്പിച്ചു.
സലാം കല്ലായി (രക്ഷാധികാരി), ഗഫൂർ മങ്കട (പ്രസിഡന്റ്), അൻസാർ അരിമ്പ്ര (സെക്രട്ടറി), ഗഫൂർ തെന്നല (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 21 അംഗ ഭരണ സമിതിക്ക് സമ്മേളനം രൂപം നൽകി.