Sorry, you need to enable JavaScript to visit this website.

കശ്മീർ-കർണാടക ദിനം; കലയും സംസ്‌കൃതിയും കൈകോർത്തു

കശ്മീർ-കർണാടക ഫെസ്റ്റിവൽ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഉദ്ഘാടനം ചെയ്യുന്നു. 
ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിച്ച കലാകാരന്മാർക്കൊപ്പം എസ്.ഐ.ബി.എൻ പ്രതിനിധികളും കോൺസുലേറ്റ് ഉദ്യോഗസ്ഥരും    

ജിദ്ദ- ജമ്മു കശ്മീരിനേയും കർണാടകയേയും ഒരുമിപ്പിക്കുന്ന മുഖ്യ ഘടകമേത്?
ഇന്ത്യൻ കോൺസുലേറ്റിലെ സ്റ്റേറ്റ് ഫെലിസിറ്റേഷൻസ് എബ്രോഡ് പരമ്പരയിലെ സംസ്ഥാനോൽസവ വേദിയിൽ നിന്നുയർന്ന ചോദ്യം: 
സദസ്യർ പറഞ്ഞു: പഴങ്ങൾക്കും പൂക്കൾക്കും ഒരുപോലെ കേളി കേട്ടതാണ് ഇരു സംസ്ഥാനങ്ങളും.
അത് തന്നെയായിരുന്നു ഉത്തരം. പിന്നീട് ഇരു സംസ്ഥാനങ്ങളുടേയും ചരിത്ര - സാംസ്‌കാരിക പൈതൃകങ്ങളിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചു. ജനറൽ തിമ്മയ്യയേയും ജനറൽ കരിയപ്പയേയും പോലുള്ള ഇന്ത്യൻ സൈനിക മേധാവികളേയും ടിപ്പു സുൽത്താനെപ്പോലുള്ള ധീര ദേശാഭിമാനികളേയും ഒപ്പം സർ വിശ്വേശരയ്യയെപ്പോലുള്ള വിദ്യാഭ്യാസ വിചക്ഷണരേയും സംഭാവന ചെയ്ത, ഇന്ത്യയുടെ സിലിക്കോൺവാലിയായ ബാംഗ്ലൂർ തലസ്ഥാനമായ കർണാടകയെക്കുറിച്ച് ഡോ. അഷ്ഫാഖ് മണിയാർ ചടങ്ങിൽ സംസാരിച്ചു. കശ്മീരിന്റെ പ്രകൃതിഭംഗി, അശാന്തിയിലും സുഖജീവിതം നയിക്കുന്ന സാധാരണക്കാരുടെ ജീവിതം എന്നിവയെക്കുറിച്ചും കർണാടകയുടെ ചരിത്രപൈതൃകത്തെക്കുറിച്ചും കശ്മീർ-കർണാടക ഉൽസവം ഉദ്ഘാടനം ചെയ്ത കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പ്രതിപാദിച്ചു.

സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്കിന്റെ സഹകരണത്തോടെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ചുള്ള ആഘോഷ പരമ്പര ജനുവരി വരെ തുടരുമെന്നും കോൺസൽ ജനറൽ അറിയിച്ചു. കോൺസൽ (കൊമേഴ്‌സ്യൽ) നൂറുൽ ഹസൻ, എസ്.ഐ.ബി.എൻ പ്രതിനിധി ഗസൻഫർ സാക്കി എന്നിവരും പ്രസംഗിച്ചു. രാജസ്ഥാനിൽ നിന്നെത്തിയ പ്രമുഖ മിമിക്രി ആർടിസ്റ്റ് വിജയ് ഈശ്വർ പവാറി ( വി.ഐ.പി)ന്റെ ഹാസ്യപ്രകടനവും മുംബൈയിൽ നിന്നെത്തിയ പ്രസിദ്ധ ഗായകൻ സലാമത്ത്, തബസ്സും എന്നിവരുടെ ഗാനാലാപനവും കുട്ടികളുടെ നൃത്തവിരുന്നും സംസ്ഥാനോൽസവത്തെ ആകർഷകമാക്കി.  
 

Latest News