Sorry, you need to enable JavaScript to visit this website.

വാണിജ്യ വഞ്ചനാ കേസിൽ 73 പേരെ വിചാരണ ചെയ്യുന്നു

റിയാദ് - വാണിജ്യ വഞ്ചനാ കേസുകളിൽ വ്യവസായികളും വിദേശ തൊഴിലാളികളും അടക്കം 73 പേരെ കോടതികളിൽ വിചാരണ ചെയ്യുന്നു. വ്യത്യസ്ത പ്രവിശ്യകളിലെ ക്രിമിനൽ കോടതികളിൽ ഇവരുടെ വിചാരണ വൈകാതെ ആരംഭിക്കും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്കെതിരായ കുറ്റപത്രങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ കോടതികൾക്ക് സമർപ്പിച്ചിട്ടുണ്ട്. ഇറച്ചി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധിയിൽ കൃത്രിമം നടത്തൽ, അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള വ്യാജ ടയറുകളും ഹീറ്ററുകളും അടക്കമുള്ള ഉൽപന്നങ്ങൾ വിൽപന നടത്തൽ, വിലകളിൽ കൃത്രിമം നടത്തൽ, തൂക്കത്തിൽ കൃത്രിമം നടത്തൽ, പെട്രോൾ ബങ്കുകളിലെ പമ്പുകളിൽ കൃത്രിമം നടത്തൽ എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് നിയമ ലംഘകർ നേരിടുന്നത്. 
വാണിജ്യ, നിക്ഷേപ മന്ത്രാലയമാണ് വാണിജ്യ വഞ്ചനാ കേസുകൾ കണ്ടെത്തുന്നത്. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് കേസുകൾ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം കൈമാറും. അന്വേഷണവും നിയമ നടപടികളും പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും. വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്. 
 

Latest News