ഹായിൽ-വാണിജ്യ വഞ്ചനാ കേസിൽ സൗദി പൗരനും യെമനിക്കും പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഹായിലിൽ ടയർ വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന റശീദ് അൽറുദൈആൻ ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഉടമ സൗദി പൗരൻ റശീദ് ഇബ്രാഹിം ദഹീം അൽറുദൈആൻ, സ്ഥാപനത്തിലെ ജീവനക്കാരനായ യെമനി പൗരൻ സ്വാലിഹ് ഉമർ സ്വാലിഹ് ഹുസൈൻ എന്നിവരെ കാലാവധി തീർന്ന ടയറുകൾ വിൽപനക്ക് പ്രദർശിപ്പിച്ച കേസിലാണ് കോടതി ശിക്ഷിച്ചത്. സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ടയറുകൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും വിധിയുണ്ട്. സൗദി പൗരനും യെമനിയും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും ഹായിൽ ക്രിമിനൽ കോടതി വിധിച്ചു.
ഹായിലിൽ പ്രവർത്തിക്കുന്ന ടയർ കടയിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ അടിയിലുള്ള രഹസ്യ ഗോഡൗണിൽ 325 പഴയ ടയറുകളും കാലാവധി തീർന്ന ടയറുകളും കണ്ടെത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ ലംഘകർക്കെതിരായ കേസ് മന്ത്രാലയം പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.