ജിദ്ദ - ലൈത്തിലെ പ്രളയ ബാധിത പ്രദേശങ്ങൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ സന്ദർശിച്ചു. വാദി ലൈത്ത് അണക്കെട്ടും ഗവർണർ സന്ദർശിച്ചു. അൽകുലൈബിയ ഡിസ്ട്രിക്ടിലെത്തിയ ഖാലിദ് അൽഫൈസൽ രാജകുമാരൻ ലൈത്ത് ഗവർണർ മുഹമ്മദ് അൽഖബാഇൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, ലൈത്ത് വികസന കമ്മിറ്റി അംഗങ്ങൾ, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ, സിവിൽ ഡിഫൻസ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
ലൈത്ത് നിവാസികളുടെ പ്രശ്‌നങ്ങളും പരാതികളും ഗവർണർ കേട്ടു. ഒമ്പതു കോടി ഘനമീറ്റർ വെള്ളം സംഭരിക്കുന്നതിനുള്ള ശേഷിയിലാണ് വാദി ലൈത്ത് അണക്കെട്ട് നിർമിക്കുന്നത്. ഇരുപത്തിനാലു മാസത്തിനകം അണക്കെട്ടിന്റെ നിർമാണ ജോലികൾ പൂർത്തിയാകും. ലൈത്തിൽ മറ്റു രണ്ടു അണക്കെട്ടുകൾ കൂടി നിർമിക്കുന്നതിനെ കുറിച്ച് പഠനങ്ങൾ നടത്തുന്നുണ്ട്. പ്രളയക്കെടുതികൾ തടയുന്നതിനുള്ള പോംവഴിയെന്നോണമാണ് ലൈത്തിൽ അണക്കെട്ടുകൾ നിർമിക്കുന്നത്.