ജിദ്ദ - വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം പലമടങ്ങ് വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹജ്, ഉംറ മന്ത്രാലയം സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഓൺലൈൻ ഹോട്ടൽ, യാത്രാ ബുക്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന, അഗോഡ കമ്പനിയുമായാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഹോട്ടൽ, യാത്രാ ബുക്കിംഗ് മേഖലയിൽ അഗോഡ കമ്പനിയുടെ സാങ്കേതികവിദ്യകളും പരിചയ സമ്പത്തും വിഭവങ്ങളും തീർഥാടകരുടെ സേവനത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനും അഗോഡ കമ്പനി വൈസ് പ്രസിഡന്റ് ഡാമിൻ വെർഷുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ജിദ്ദയിൽ ഹജ്, ഉംറ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്തും സന്നിഹിതനായിരുന്നു.
ലോകത്തെങ്ങും നിന്നുള്ള ഹജ്, ഉംറ തീർഥാടകർക്ക് അഗോഡ പ്ലാറ്റ്‌ഫോം വഴി മക്കയിലും മദീനയിലും ഹോട്ടൽ ബുക്കിംഗ് നടത്തുന്നതിന് അവസരമൊരുക്കുന്നതിന് ധാരണാപത്രം ലക്ഷ്യമിടുന്നു. ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഹോട്ടലുകളിൽ തങ്ങൾക്ക് അനുയോജ്യമായ മുറികൾ എളുപ്പത്തിൽ ബുക്ക് ചെയ്യുന്നതിന് തീർഥാടകർക്ക് സാധിക്കും. വ്യത്യസ്ത നിരക്കുകളിലുള്ള ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിനും ബുക്കിംഗ് നടപടികൾക്ക് വ്യത്യസ്ത ഭാഷകൾ പ്രയോജനപ്പെടുത്തുന്നതിനും ഹോട്ടൽ വാടക വിദേശ കറൻസികളിൽ അടയ്ക്കുന്നതിനും അഗോഡ വെബ്‌സൈറ്റ് തീർഥാടകരെ സഹായിക്കും.
ലോക രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഹജ്, ഉംറ തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്ന നിലവിലെ സംവിധാനം ഉടച്ചുവാർക്കുന്നതിനും ഈ മേഖലയിൽ പരിചയസമ്പത്തുള്ള കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനുമാണ് ഹജ്, ഉംറ മന്ത്രാലയം പ്രവർത്തിക്കുന്നതെന്ന് ധാരണാപത്രം ഒപ്പുവെച്ച ശേഷം വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ പറഞ്ഞു. ഹജ്, ഉംറ തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിന് അനുസൃതമായി മികച്ച സേവനങ്ങൾ നൽകുന്നതിനാണ് ശ്രമം. പുണ്യസ്ഥലങ്ങളിലെ താമസവുമായി ബന്ധപ്പെട്ട് തീർഥാടകരുടെ ആവശ്യങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിന് ധാരണാപത്രം സഹായിക്കും. തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ഉൾക്കൊള്ളുന്നതിന് ആതിഥേയ മേഖലയിലെ പങ്കാളികൾക്ക് ഏറ്റവും നവീനമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ കഴിയും. ഹജ്, ഉംറ യാത്രയും പുണ്യസ്ഥലങ്ങളിലെ ഹോട്ടൽ ബുക്കിംഗും തീർഥാടകർക്ക് ഏറെ എളുപ്പമാക്കി മാറ്റുന്നതിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുംവിധം ഏറ്റവും മികച്ച സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിന് ഹജ്, ഉംറ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെച്ചതിൽ അഭിമാനമുണ്ടെന്ന് അഗോഡ കമ്പനി സി.ഇ.ഒ ജോൺ ബ്രൗൺ പറഞ്ഞു. പ്രതിവർഷം വിദേശങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുകയെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന് ഹോട്ടൽ, യാത്രാ ബുക്കിംഗ് മേഖലയിൽ കമ്പനിയുടെ മുഴുവൻ പരിചയ സമ്പത്തും ശേഷികളും പ്രയോജനപ്പെടുത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിവർഷം വിദേശത്തു നിന്ന് എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം 2030 ഓടെ മൂന്നു കോടിയായി ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം 70 ലക്ഷത്തോളം തീർഥാടകരാണ് വിദേശങ്ങളിൽ നിന്ന് എത്തിയത്. വിദേശങ്ങളിലെ സൗദി എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കാതെ വ്യക്തികൾക്ക് നേരിട്ട് ഓൺലൈൻ വഴി ഉംറ വിസകൾ അനുവദിക്കുന്നതിനും ഹജ്, ഉംറ മന്ത്രാലയം അടുത്തിടെ തീരുമാനിച്ചിട്ടുണ്ട്.