ചിലതങ്ങനെയാകും. മറഞ്ഞുപോയാലും മറന്നു പോവില്ല. ഓർമയിൽ പുളകം വിതറുന്ന ചങ്ങമ്പുഴയുടെ വരികൾ തന്നെ പ്രമാണം. 'നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലേ നിൻ ഗാനമെന്നും.' കുയിൽ, കാണുന്നതിലും കൂടുതൽ കേൾക്കുന്ന കിളിയാകുന്നു. നീലക്കുയിൽ ആകട്ടെ, കണ്ടവർ ചുരുങ്ങും. എന്നാലും നീലക്കുയിലിന്റെ പാട്ട് തിരയടിച്ചുകൊണ്ടേ പോകും.
ചങ്ങമ്പുഴയുടെ കാൽപനികതയിൽ ഒതുങ്ങുന്നതല്ല ആ കുയിൽ കിനാവ്. കഴിഞ്ഞ ആഴ്ചത്തെ പത്രത്തിൽ കണ്ട ഒരു പൊട്ടു വാർത്ത രോമാഞ്ചം കൊണ്ട് കഞ്ചുകം തീർക്കുന്നതായിരുന്നില്ല, പക്ഷേ ഇല്ലാതായിട്ടും ഓർമ നിലനിർത്തുന്ന ഒന്നിനെപ്പറ്റിയായിരുന്നു: കഞ്ഞിയെപ്പറ്റി.
കഞ്ഞി നാനാവിധം ഉപയോഗിക്കുന്നത് നിർത്തണം എന്നൊരു നിർദ്ദേശം പോയിരിക്കുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആപ്പീസിൽനിന്ന്. കേരളത്തിലെ സ്‌കൂളായ സ്‌കൂളൊക്കെ ആ നിർദേശം നടപ്പാക്കുന്ന തിരക്കിലായിരിക്കും ഇപ്പോൾ. അങ്കണത്തിലും പരിസരത്തും കഞ്ഞി വിളമ്പി കുളമാക്കുന്ന ഏർപ്പാട് നിർത്തണമെന്ന് ഡയറക്ടർ നിശ്ചയിച്ചിരിക്കുന്നു.
വെറുതെ നിശ്ചയിച്ചതല്ല. പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞിട്ടില്ലെങ്കിലും, കഞ്ഞി കേമത്തത്തിന്റെ പര്യായമല്ല. കഞ്ഞിയുടെ ചുമതല നിറവേറ്റാൻ മുഖ്യാധ്യാപകനെ സഹായിക്കുന്നയാളെ കഞ്ഞി ടീച്ചർ എന്നു വിളിച്ചുപോരുന്നു. മുന്നിൽ നിന്നു വിളിക്കില്ലെങ്കിലും ആരെങ്കിലും പിന്നിൽനിന്ന് വിളിച്ചാൽ കഞ്ഞി ടീച്ചർ ക്ഷോഭിക്കും. കഞ്ഞിയല്ലേ ചുമതല, ക്ഷോഭിച്ചിട്ടു കാര്യമില്ല.
കഞ്ഞിയുടെ വിശദാംശങ്ങൾ എഴുതിപ്പിടിപ്പിച്ച പുസ്തകം പകിട്ടുള്ളതാണെങ്കിലും കഞ്ഞി രജിസ്റ്റർ ആവും. പാകം ചെയ്യാനും വിളമ്പാനും അടച്ചുറപ്പും വൃത്തിയും ഉള്ള കെട്ടിടം ആണെങ്കിലും കഞ്ഞിപ്പുര എന്നേ അറിയപ്പെടുകയുള്ളു. ചോറ്റുപുര എന്ന കുലീന നാമത്തിലേക്ക് അതിനു കയറ്റം കിട്ടിയിട്ടില്ല. കഞ്ഞി കഞ്ഞി തന്നെ.
ഉച്ചക്കഞ്ഞിയായാലേ കഞ്ഞിയാവുള്ളൂ. രാവിലെയോ രാത്രിയിലോ ആയാൽ കേമമായി. സ്വന്തമായി കഞ്ഞിക്കും അതിൽക്കൂടുതലും വകയുള്ളവർ രാത്രി കഞ്ഞി കൊണ്ട് ആഘോഷിക്കുന്നതായി കണ്ടുവരുന്നു. രാത്രി കഞ്ഞിയും പയറും പപ്പടവും കഴിച്ചു ശീലിച്ച കേമനായ ഒരു വ്യവസായി ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങിയ കഥ കേൾക്കൂ. നക്ഷത്രം അഞ്ചായതുകൊണ്ട് കുബേരൻ രാത്രിശീലം വിടില്ല. കഞ്ഞിയെപ്പറ്റി കേൾക്കാത്ത ഷെഫിനെ വിളിച്ചു വരുത്തി പാചകവിധം വിസ്തരിച്ചു പറഞ്ഞുകൊടുത്തു. ഡിന്നർ ഒരുങ്ങിവന്നപ്പോൾ അഞ്ചാൾക്ക് നൂറ്റൊന്നു കറിയുള്ള സദ്യയുടെ ചെലവായി. പക്ഷേ കഞ്ഞിയായില്ലല്ലോ.
ഉച്ചക്കഞ്ഞിയായാലേ കഞ്ഞിയാവുള്ളൂ. ഉച്ചക്കു തന്നെ റൈസ് സൂപ്പ് ആക്കി വിളമ്പിയാൽ കഞ്ഞി കഞ്ഞിയാവില്ല. ചുരുക്കത്തിൽ, പണ്ടേക്കു പണ്ടേ പട്ടിണിയുടെ സൂചികയാണ് ഉച്ചക്കഞ്ഞിയും പഴങ്കഞ്ഞിയും. കഞ്ഞിക്കു വകയുള്ളവരെയും ഇല്ലാത്തവരെയും തരം തിരിച്ചുനിർത്താൻ കഞ്ഞി ഉപകരിക്കും. അങ്ങനെയുള്ള കഞ്ഞി, ഉച്ചക്കാകട്ടെ, വൈകിട്ടാകട്ടെ,
നമ്മുടെ അടുക്കളയിൽനിന്നും മേശപ്പുറത്തുനിന്നും മാറിപ്പോയിട്ടുണ്ടെങ്കിൽ, വികസനം വന്നു കഴിഞ്ഞുവെന്ന് മൂന്നു തരം. ആളുകൾ കഞ്ഞിയാകാതെ കഴിയുന്നതിൽ അഭിമാനിക്കുക.
പൊയ്‌പ്പോയ ഉച്ചക്കഞ്ഞിയുടെ ഒരോർമ്മ ഇപ്പോഴും ഉള്ളിലേക്ക് ഒലിച്ചിറങ്ങുന്നു. അയൽക്കാരി അമ്മു അമ്മയുടെ മകൻ നാരായണൻ നായർ ശുണ്ഠിക്കാരനായിരുന്നു. ചിലപ്പോൾ പാടത്തുനിന്ന് കേറി വരുമ്പോൾ കയ്യിൽ പാണൽ വള്ളി കൊണ്ട് കെട്ടിയ മുടിങ്കോലും വായിൽ പുളിച്ച തെറിയും പിടഞ്ഞിരുന്നു. പട്ടിണിയും പരിവട്ടവും ആയി കഴിയുന്ന 'നാടൻ കൃഷിക്കാർ ഇവർ'. പലരും ഇതുപോലെ ആയിരുന്നിരിക്കാം. എന്തിന്റെയോ പേരിൽ കോപം കത്തിക്കയറിയ നാരായണൻ നായർ കണ്ടതിനെയൊക്കെ കൈ വെക്കും. അതിൽ പെടുന്നതാവും അന്നത്തെ ഉച്ചക്കഞ്ഞി തിളക്കുന്ന കലവും. ആരോടോ ദേഷ്യം തീർക്കാൻ മകൻ കയ്യിലെ കോലു കൊണ്ട് കലത്തിൽ വീശിയടിക്കുമ്പോൾ കഞ്ഞിയോടൊപ്പം അമ്മയുടെ വേദനയും അടുപ്പിലേക്ക് ഒലിച്ചിറങ്ങും.
അതൊരു ഊഷരമായ ഓർമയായിരിക്കുന്നു. ഉച്ചക്കഞ്ഞി ഇല്ലാതായിരിക്കുന്നു. പക്ഷേ കഞ്ഞി ഇല്ലാതായിട്ടും, ചോറിന്റെ സൗഭാഗ്യം വന്നണഞ്ഞിട്ടും, നമ്മുടെ വാക്കിന് ചന്തം ചാർത്താനും അടി പണിയാനുമെന്നോണം കഞ്ഞി തിളച്ചുമറിയുന്നു. വസ്തു മറഞ്ഞ നിഴൽ പോലെ കഞ്ഞി പിന്നെയും നിലനിൽക്കുന്നു. ഇല്ലായ്മയും ഉണ്മയും ഇല്ലാത്ത കാലത്തെ പരാമർശിക്കുന്ന നാസദീയ സൂക്തം പോലെ കഞ്ഞി പോയിട്ടും കഞ്ഞി കാലാതിവർത്തിയായി കഴിയുന്നു കഞ്ഞിപ്പുരയോടൊപ്പം, കഞ്ഞിപ്പുസ്തകത്തോടൊപ്പം, കഞ്ഞി ടീച്ചറോടൊപ്പം.
ആ കാലവൈകല്യത്തെ തിരുത്താനുള്ളതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കവികളോ കഥാപ്രസംഗകരോ കഞ്ഞി എവിടെ വേണമെങ്കിലും വിളമ്പട്ടെ, സ്‌കൂളിൽ ഇനി കഞ്ഞി മാഡം വേണ്ട, കഞ്ഞിപ്പുരയും വേണ്ട. ചോറും കറിയുമായി ഉച്ചയൂണു നടക്കുമ്പോൾ കഞ്ഞി വിളമ്പി അൽപനാക്കേണ്ട. അതാണ് വിദ്യാഭ്യാസ വകുപ്പിന്റെ താൽപര്യം.
കഞ്ഞി ഒലിച്ചോ ഉണങ്ങിയോ പോയിട്ടും കാലാതിവർത്തിയായി കഴിയുന്നതുപോലെ, തിരയടിക്കുന്നതൂ വേറെ ചിലതും കാണാം. ഉദാഹരണം ഒന്ന്, മറഞ്ഞാലും തിരയടിക്കുന്ന ചങ്ങമ്പുഴയുടെ ഗാനം. ഉദാഹരണം രണ്ട്, വെമ്പുകയും വിളറുകയും വിറകൊള്ളുകയും ചെയ്യുന്ന ജിയുടെ നാളെ എന്ന നക്ഷത്രം. ഇന്നു നമ്മൾ കാണുന്ന നക്ഷത്രം എന്നോ പൊലിഞ്ഞുപോയതാകാം. പൊയ്‌പ്പോയിട്ടും പുളകം പൂണ്ടു നിൽക്കുന്നതു തന്നെ ആ ഗാനവും ആ താരവും, പിന്നെ, ആ കഞ്ഞിയും.
ഓർമ്മയെയും നിലനിൽപിനെയും പറ്റിയുള്ള ഈ ചിന്ത ഒന്നു വഴി തിരിച്ചുവിട്ടാൽ എവിടെയൊക്കെ എത്തിക്കൂടാ? നമ്മൾ എന്നോ തള്ളിക്കളഞ്ഞതാണ് ജാതി പറഞ്ഞുള്ള കുമ്മിയും കമ്മിയും. ജാതി ചോദിക്കരുത്, പറയരുത് എന്നു പഠിപ്പിച്ച ആളെത്തന്നെ ആദ്യക്ഷരിയിൽ നമ്മൾ കുരുക്കിട്ടിരിക്കുന്നു. അവസരം പോലെ അതെടുത്ത് മതിൽ കെട്ടുന്നു, മന്ത്രിപദം പണിയുന്നു. ജാതി മറഞ്ഞു എന്നാണ് ഭാവമെങ്കിലും കലയും കലഹവും മൂക്കുന്നത് അതിന്റെ പേരിൽ തന്നെ. കഞ്ഞിക്കു മാതം സംവരണം ചെയ്യപ്പെട്ടതല്ല ആ സവിശേഷ സ്ഥാനം.
ഓർമയെയും നിലനിൽപിനെയും പറ്റിയുള്ള ഈ ചിന്ത വഴി തിരിച്ചുവിട്ടാൽ എവിടെയൊക്കെ എത്തിക്കൂടാ? കഞ്ഞി പോലെ പൊയ്‌പ്പോയെന്നു നമ്മൾ കരുതിയതാണ് ജാതി. അത് കുമ്മിയായും കമ്മിയായും ഇപ്പോഴും ആടുന്നു. ജാതി ചോദിക്കരുത്, പറയരുത് എന്നു പഠിപ്പിച്ച ആളെത്തന്നെ നമ്മൾ അതിൽ കുരുക്കിയിടാൻ നോക്കുന്നു. അവസരം പോലെ വനിതാ മതിൽ കെട്ടിയും മന്ത്രിപദം പണിതും പൊയ്‌പ്പോയ ജാതി കണ്ടെത്താൻ നമ്മൾ ശ്രമിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ചെയ്തതു പോലെ, കടലാസിൽ ഒരു കൽപന ഇറക്കിയാൽ മറഞ്ഞിട്ടും തിരയടിക്കുന്ന ജാതിയെ മറവു ചെയ്യാനാവുമോ? അങ്ങനെ ഉപയോഗം നിയന്ത്രിക്കാവുന്നതല്ല ജാതിനാമം. പേരിനോടൊപ്പം ജാതി ചേർക്കാൻ പാടില്ലെന്നു ശഠിച്ചാൽ മൗലികാവകാശ ലംഘനമായി പോലും വക്കീൽമാർ വാദിച്ചേക്കാം. ഒന്നു ചെയ്യാം. ഔദ്യോഗിക രേഖകളിൽ ജോലിപ്പേരും ചേരിപ്പേരും ചേർക്കാം, പക്ഷേ, ജാതിപ്പേർ ചേർക്കാൻ പറ്റില്ലെന്നു നിബന്ധിക്കുക. ഒന്നു രണ്ടു തലമുറ കൊണ്ട് തിരിച്ചറിവിന് ജാതി എഴുതുന്ന പതിവ് നിലയ്ക്കും. പോയതിനെ 'പൊട്ടി പുറത്ത്' എന്നു പറഞ്ഞ് കൊട്ടിയടക്കാൻ നമുക്ക് ത്രാണിയുണ്ടോ?