ദുബായ്- അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ പ്രതിയായ ബ്രിട്ടിഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലി(54)നെ ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കും. ഇയാളെ ഇന്ത്യക്കു കൈമാറാന്‍ യു.എ.ഇ നീതിന്യായ മന്ത്രാലയം ഉത്തരവായി. ഒരാഴ്ചക്കകം ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യ നല്‍കിയ അപേക്ഷയില്‍ മിഷേലിനെ വിട്ടുനല്‍കാന്‍ യു.എ.ഇ പരമോന്നതകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് കൈമാറ്റത്തിനു നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയത്.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കരാറില്‍ ഇടനിലക്കാരാനായ മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ദുബായില്‍ താമസിക്കുകയായിരുന്ന മിഷേലിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തത്. മിഷേലിനെ ജയിലിലടക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിനു പകരം വിദേശകാര്യ മന്ത്രാലയമാണു കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ അനുവദിക്കരുതെന്നും മിഷേലിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും യു.എ.ഇ കോടതി അംഗീകരിച്ചില്ല.
യു.പി.എ സര്‍ക്കാരിന്റെ കാലത്താണു കോപ്റ്റര്‍ ഇടപാടു നടന്നത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, മാതൃ കമ്പനിയായ ഫിന്‍ മെക്കാനിക്ക എന്നിവക്കായി ഇടനിലക്കാരനായ പ്രവര്‍ത്തിച്ചു മിഷേല്‍ പണം തട്ടിയെന്നാണ് ആരോപണം.