തിരുവനന്തപുരം- ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കുന്നതിനെ സി.പി.എം കേന്ദ്ര കമ്മിറ്റി എതിര്‍ത്തിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബെഹ്‌റയുടെ നിയമനത്തെ മുഖ്യമന്ത്രി പിണറാി വിജിയന്‍ ന്യായീകരിക്കുന്നതിനിടെയാണ് മുല്ലപ്പള്ളി കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നാല് ഉന്നത ഉദ്യോഗസ്ഥരെ വെട്ടി ഡി.ജി.പി ആയി നിയമിക്കാന്‍ ലോക്‌നാഥ് ബെഹ്‌റക്ക് എന്തു യോഗ്യതയാണുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.
എന്‍.ഐ.എ യില്‍ പ്രവര്‍ത്തിച്ചപ്പോള്‍ എന്തിനാണ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയിലെ ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിക്കണം. ബെഹ്‌റ അന്വേഷിച്ച ഗുജറാത്ത് കൂട്ടക്കൊലയിലെ പല കേസും എങ്ങും എത്തിയില്ലെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോഴുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്തി മാര്‍ക്കിടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ താന്‍ ചെയ്ത പ്രവര്‍ത്തികളെ കുറിച്ച് കോടിയേരി ബാലകൃഷ്ണന് അറിയാം. തന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.