കൊച്ചി- ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പോലീസ് നടപടിക്കെതിരെ നൽകിയ ഹരജിയിലാണ് വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്. തുടർന്ന് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു. കാൽ ലക്ഷം രൂപ പിഴയീടാക്കി ഹൈക്കോടതി കേസ് തള്ളി. നടപടി എല്ലാവർക്കും പാഠമാകണമെന്നും വികൃതമായ ആരോപണങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയുടെ സമയം കളയരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിൽ പോലീസ് സ്വീകരിച്ച നടപടിക്കെതിരെയാണ് ശോഭ സുരേന്ദ്രൻ കോടതിയെ സമീപിച്ചിരുന്നത്. പോലീസ് നടപടി ചോദ്യം ചെയ്താണ് ശോഭ കോടതിയലെത്തിയത്. വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ തെറ്റുപറ്റിയെന്നും മാപ്പാക്കണമെന്നും ശോഭയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാതെ കോടതി പിഴ ഈടാക്കുകയായിരുന്നു.ഈ തുക ലീഗല്‍ സര്‍വീസ അഥോറിറ്റിക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.