തായിഫ്- രണ്ട് പതിറ്റാണ്ടിലേറെയായി ആതുര രംഗത്ത് സേവനമനുഷ്ഠിക്കുന്നതോടൊപ്പം സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ ഡോ. ബഷീർ പുനൂർ പ്രവാസ ജീവിതം അവസനാപ്പിച്ച് നാട്ടിലേക്ക് മടങ്ങൂന്നു. തായിഫ് മേഖലയിലെ മലയാളികളുെട മനസ്സിൽ ഇടം പിടിച്ച വ്യക്തിത്വമാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഡോ. ബഷീർ പൂനൂർ.
1995 നംബറിലാണ് തായിഫിലെത്തിയത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ നഗരത്തിൽ നിന്നും 110 കി. അകലെ മീസാന് സമീപം മുറൈഫിക്ക് ഗ്രാമത്തിലുള്ള പ്രാഥമിക ആശുപത്രിലായിരുന്നു ജോലി. അഞ്ച് വർഷത്തിലധികം ഈ ഗ്രാമത്തിലെ സ്വദേശികളുടെ നിഷ്‌കളങ്കതയും ആതിഥ്യ മര്യാദയും നേരിട്ടനുഭവിക്കാൻ ഡോക്ടർക്കായി. മൊബൈൽ സംവിധാനങ്ങളൊന്നുമില്ലാത്ത കാലം നാട്ടിലെ വിവരങ്ങൾ അറിയാൻ വളരെ പ്രയാസമായിരുന്നു. ആറ് മാസം കഴിഞ്ഞപ്പോൾ കുടുംബത്തെ മുറൈഫിക്കിൽ കൊണ്ടുവന്നു. പഴങ്ങളുടെ സമൃദ്ധിയും വൈവിധ്യം നിറഞ്ഞ പച്ചക്കറികളും നയന മനോഹരമായ മലയോര ഗ്രാമത്തിന്റെ അന്തരീക്ഷം ഇപ്പോഴും ഓർമകളിൽ നിഴലിച്ച് നിൽക്കുന്നു.
അഞ്ചര വർഷത്തിന് ശേഷം തായിഫിലെ സൂഖിൽ അങ്കരിയിലുള്ള ഡിസ്പൻസറിയിലേക്ക് ജോലി മാറ്റം കിട്ടി. പതിനാറ് വർഷത്തോളം അവിടെ ജോലി ചെയ്തു. ഈക്കാലയളവിൽ മേഖലയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി. 12 വർഷം തായിഫ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റായായിരുന്നു. നിലവിൽ സെൻട്രൽ കമ്മിറ്റിയുടെ ചെയർമാൻ, സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ജനറൽ കൺവീനർ, തായിഫ് കെഎംസിസിയുടെ നേതൃത്വത്തിൽ രണ്ട് മാസം മുമ്പ് തുടങ്ങിയ അയ്യൂബ് ചികിത്സാ സാഹായ നിധി സമാഹരണത്തിനും നേതൃത്വം നൽകിവരുന്നു. നാട്ടിലെന്ന പോലെ ആതുര രംഗത്ത് പ്രവർത്തിക്കുന്നവർ പൊതുരംഗത്ത് സജീവമാകുന്നത് വളരെ കുറവാണെന്നിരിക്കേ, കെഎംസിസിയുലൂടെ ജീവകാരുണ്യ രംഗത്ത് സജീവമാകുകയും ജാതി, മത, ദേശഭാഷാ വ്യത്യാസമില്ലാതെ രോഗികൾക്ക് കൈത്താങ്ങാകുവാനും ഡോ. ബഷീറിനായി. ഒരു സംഘടനക്ക് നേതൃത്വം കൊടുക്കുമ്പോഴും മറ്റ് സംഘടനകളുമായി സഹകരിച്ചും സഹായിച്ചും മുന്നോട്ടു പോയതും മാതൃകാപരമാണ്. മേഖലയിലെ പ്രവാസി സമൂഹത്തിന്റെ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനുമായി 'ശ്രദ്ധ 2012' പരിപാടിയിലൂടെ ഡോ. ബഷീർ ജനശ്രദ്ധ നേടി. മാസത്തിൽ ഒരു വെള്ളിയാഴ്ച നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മലയാളി സമൂഹത്തിന് വളരെ ആശ്വാസമായിരുന്നു. ആതുര സേവന രംഗത്തെ പ്രവർത്തനങ്ങൾ മുൻനിർത്തി തായിഫ് കെഎംസിസി ഡോ. ബഷീറിനെ ഒന്നിലധികം തവണ ഉപഹാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2015 ൽ തായിഫ് രിസാല സ്റ്റഡി സർക്കിൾ പുരസ്‌കാരം നൽകി ആദരിച്ചു.
ഒർമയിലെ കാമ്പസ് എന്ന ശീർഷകത്തിൽ കാമ്പസ് ഓർമകൾ ഉൾപ്പെടുത്തി 140 പേജുള്ള പുസ്തകം സ്വന്തമായി രചിച്ചു. പത്തോളം ഹജ് വേളകളിൽ സൗദി സർക്കാറിന്റെ കീഴിൽ ഹാജിമാർക്ക് സേവനം ചെയ്യാൻ കഴിഞ്ഞത് പ്രവാസ ജീവത്തിലെ വളരെ നേട്ടമായി ഇദ്ദേഹം കാണുന്നു. പ്രവാസം ജീവിതത്തിന് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയെന്നും വലിയൊരു സൗഹൃദവലയം ലഭിച്ചുവെന്നും ഡോ. ബഷീർ പുനൂർ പറയുന്നു.
തലശ്ശേരി സി.എച്ച് സെന്റർ സൗദി ചാപ്റ്റർ പ്രസിഡന്റ്, തളിപ്പറമ്പ് സി.എച്ച് സെന്റർ, പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ സ്ഥാനങ്ങളും വഹിക്കുന്നു. സാധാരണക്കാരായ മലയാളി സമൂഹത്തിന്റെ സ്‌നേഹാദരവുമായി സംതൃപ്തനായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഏതാനും ദിവസം മുമ്പ് സൗദി ആരോഗ്യ മന്ത്രാലയം വിഭാഗം ഡോ. ബഷീർ പൂനൂരിന് യാത്രയയപ്പ് നൽകി. തായിഫ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകും.
ഭാര്യ: പയ്യോളി സ്വദേശി ആയിഷ. ആൺമക്കളായ ആസിഫ്, ഫവാസ് ഇരുവരും ഖത്തറിൽ എഞ്ചിനീയർമാരായി സേവനം ചെയ്യുന്നു. മകൾ ഫഹിമ ഷഹാൻ നാട്ടിൽ ദന്ത ഡോക്ടറായി ജോലി നോക്കുന്നു. ഈ മാസം 26 ന് ഡോ. ബഷീർ പൂനൂർ നാട്ടിലേക്ക് മടങ്ങും.