റിയാദ്/കോഴിക്കോട്- ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) കോഴിക്കോട് ഡയറക്ട് സർവീസുകൾക്ക് നാളെ പുലർച്ചെ തുടക്കം. മൂന്നു വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണ് സൗദിയ കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നത്. യാത്രക്കാർക്ക് ഏറ്റവും സുഖകരവും ആഡംബരപൂർണവുമായ യാത്രാനുഭവം സമ്മാനിക്കുന്നതിന് സജ്ജീകരിച്ച എയർബസ് എ330-300 ഇനത്തിൽപെട്ട വിമാനങ്ങളാണ് കോഴിക്കോട് സർവീസിന് സൗദിയ ഉപയോഗിക്കുന്നത്. ഈ വിമാനത്തിൽ 298 സീറ്റുകളാണുള്ളത്. 36 എണ്ണം ബിസിനസ് ക്ലാസുകളും 262 എണ്ണം ഇക്കോണമി സീറ്റുകളുമാണ്.
സൗദിയ ദിവസേന ഒരു സർവീസ് വീതം പ്രതിവാരം ഏഴു സർവീസുകളാണ് കോഴിക്കോട്ടേക്ക് നടത്തുക. ഇതിൽ മൂന്നെണ്ണം റിയാദിൽ നിന്നും നാലെണ്ണം ജിദ്ദയിൽ നിന്നുമായിരിക്കും. കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നതോടെ ഇന്ത്യയിൽ സൗദിയ സർവീസ് നടത്തുന്ന എയർപോർട്ടുകളുടെ എണ്ണം ഒമ്പതായി ഉയരും. നിലവിൽ കൊച്ചി, ഹൈദരാബാദ്, ദൽഹി, ബാംഗ്ലൂർ, ലക്‌നോ, മുംബൈ, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സൗദിയ സർവീസുകളുണ്ട്.
കോഴിക്കോട്ടേക്കുള്ള ആദ്യ സർവീസ് (എസ്.വി 746) നാളെ പുലർച്ചെ 3.15 ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തിരിക്കും. ഈ സർവീസിൽ യാത്ര ചെയ്യുന്നവർ ഇന്ന് അർധ രാത്രിയോടെ എയർപോർട്ടിൽ എത്തണം. കോഴിക്കോട് യാത്രക്ക് അഞ്ചു മണിക്കൂറും 25 മിനിറ്റുമെടുക്കും. നാളെ ഇന്ത്യൻ സമയം രാവിലെ 11.10 ന് വിമാനം കോഴിക്കോട് ഇറങ്ങും. മടക്കയാത്ര (എസ്.വി 747) കോഴിക്കോട്ടുനിന്ന് ഉച്ചക്ക് 1.10 ന് തിരിക്കും. ആറു മണിക്കൂറെടുത്ത് സൗദി സമയം വൈകീട്ട് 4.40 ന് വിമാനം ജിദ്ദയിൽ എത്തിച്ചേരും. ജിദ്ദയിൽനിന്ന് തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലും റിയാദിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് കോഴിക്കോട് സർവീസുകളുണ്ടാവുക. റിയാദിൽനിന്ന് പുലർച്ചെ 4.05 ന് തിരിക്കുന്ന സൗദിയ വിമാനം (എസ്.വി 892) രാവിലെ 10.50 ന് കോഴിക്കോട് എത്തിച്ചേരും. കോഴിക്കോട്ടുനിന്ന് ഉച്ചക്ക് 1.10 തിരിക്കുന്ന എസ്.വി 893-ാം നമ്പർ ഫ്‌ളൈറ്റ് വൈകീട്ട് 3.45 ന് റിയാദിൽ എത്തിച്ചേരും.
ഹജ്, ഉംറ തീർഥാടകർക്കും വ്യവസായികൾക്കും വിനോദ സഞ്ചാരികൾക്കും സൗദിയിൽ ജോലി ചെയ്യുന്ന മലബാറുകാർക്കും മറ്റു രാജ്യങ്ങളിലേക്കും തിരിച്ചും കടന്നുപോകുന്നവർക്കും സൗദിയ കോഴിക്കോട് സർവീസ് ഏറെ ഉപകാരപ്പെടും. സൗദിയിലെ മറ്റു നഗരങ്ങളിലേക്കും നാലു ഭൂഖണ്ഡങ്ങളിൽ സൗദിയ സർവീസ് നടത്തുന്ന നഗരങ്ങളിലേക്കും സ്‌കൈ ടൈം അലയൻസ് അംഗങ്ങളായ പങ്കാളികൾ സർവീസ് നടത്തുന്ന നഗരങ്ങളിലേക്കും കോഴിക്കോട്ടു നിന്നുള്ള യാത്രക്കാർക്ക് സൗദിയ കണക്ഷൻ സർവീസുകൾ ലഭ്യമാക്കും. സ്‌കൈ ടൈം അലയൻസിൽ ലോകത്തെ 20 വിമാനക്കമ്പനികൾ അംഗങ്ങളാണ്.
കഴിഞ്ഞ ഒക്‌ടോബറിൽ സൗദി അറേബ്യക്കും ഇന്ത്യക്കുമിടയിൽ സൗദിയ 647 സർവീസുകൾ നടത്തി. ഈ സർവീസുകളിൽ 1,42,000 ലേറെ പേർ യാത്ര ചെയ്തു. 2017 ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒക്‌ടോബറിൽ സൗദിയയുടെ ഇന്ത്യൻ സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവ് രേഖപ്പെടുത്തി. ഈ വർഷാദ്യം മുതൽ ഒക്‌ടോബർ അവസാനം വരെയുള്ള കാലത്ത് ഇരു രാജ്യങ്ങൾക്കുമിടയിൽ സൗദിയ 7,276 സർവീസുകൾ നടത്തി. ഈ സർവീസുകളിൽ പതിനഞ്ചു ലക്ഷത്തോളം പേർ യാത്ര ചെയ്തു.
പ്രതിസന്ധികളെ അതിജീവിച്ച് പ്രവാസികളുടെ ചിരകാല സ്വപ്‌നമായ വലിയ വിമാനത്തെ വരവേൽക്കാൻ ജനപ്രതിനിധികളും പ്രവാസികളും രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും നാട്ടുകാരും ഒരുങ്ങി. ആദ്യവിമാനത്തിൽ സൗദിയ ജനറൽ മാനേജർ, സൗദി കോൺസൽ ജനറൽ എന്നിവരുമുണ്ടാകും.
ആദ്യവിമാനത്തെ എയർപോർട്ട് അഥോറിറ്റി വാട്ടർ സെല്യൂട്ട് നൽകി സ്വീകരിക്കും. വിമാനത്തിലെ കന്നിയാത്രക്കാർക്ക് പൂവും പ്രത്യേക ഗിഫ്റ്റും നൽകിയാണ് സ്വീകരിക്കുക. കരിപ്പൂരിലെത്തുന്ന വിമാനം പിന്നീട് എസ്.വി 747 ആയി ഉച്ചക്ക് 1.10ന് ജിദ്ദക്ക് പറക്കും. ആദ്യസംഘത്തിൽ ഇന്നലെ വരെ 276 പേർ യാത്രക്കാരായുണ്ട്.
കരിപ്പൂരിൽ റൺവേ റീ-കാർപ്പറ്റിംഗിന്റെ പേരിൽ 2015-മാർച്ച് 30 മുതലാണ് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് റീ-കാർപ്പറ്റിംഗ് ജോലികൾ കഴിഞ്ഞെങ്കിലും റൺവേ നീളം വർധിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചതോടെയാണ് കരിപ്പൂരിന്റെ ചിറകൊടിഞ്ഞത്. തുടർന്ന് രാഷ്ട്രീയ-സാംസ്‌കാരിക, മത-സാമൂഹിക സംഘടനകളുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലാണ് വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയത്.
ജിദ്ദ, റിയാദ് വിമാനങ്ങളുടെ സമയം ഒരേ നേരത്ത്
കൊണ്ടോട്ടി- കരിപ്പൂരിൽ ആരംഭിക്കുന്ന സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ് വിമാനങ്ങളുടെ സമയ ഷെഡ്യൂളുകളെല്ലാം ഒരേ സമയത്ത്. ജിദ്ദയിൽനിന്നും റിയാദിൽ നിന്നും രാവിലെ 11.10ന് എത്തുന്ന വിമാനങ്ങൾ ഉച്ചക്ക് 1.10നാണ് കരിപ്പൂർ വിടുക.
കരിപ്പൂരിലെ മറ്റു ഗൾഫ് വിമാനങ്ങൾ വന്നിറങ്ങിയതിന് ശേഷമാണ് സൗദിയ സർവീസുകൾ വരുന്നതും പുറപ്പെടുന്നതും. വിമാനം നിർത്തിയിടുന്ന ഏപ്രണിലും യാത്രക്കാർക്ക് കസ്റ്റംസ് ഹാളിലും തിരക്ക് അനുഭവപ്പെടുകയില്ല. വലിയ വിമാനങ്ങൾക്ക് ആറ് മാസം പകൽ സമയത്ത് മാത്രമാണ് ലാൻഡിംഗ് അനുമതി നൽകിയിട്ടുളളത്.