Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് ബാങ്ക് അക്കൗണ്ടില്‍  നിന്ന് പണം അടിച്ചു മാറ്റുന്നു 

എസ്ബിഐ അക്കൗണ്ടില്‍ നിന്നും പേടിഎം അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ പണം ചോര്‍ത്തല്‍.  കോളജ് അധ്യാപകരുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും ഓണ്‍ലൈനിലൂടെ പണം നഷ്ടപ്പെട്ടതായി പരാതി. കോട്ടയം സിഎംഎസ് കോളേജിലെ രണ്ട് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നായി ഒന്നര ലക്ഷത്തോളം രൂപയാണ് ചോര്‍ത്തിയിരിക്കുന്നത്. കോട്ടയം സിഎംഎസ് കോളേജിന് സമീപമുള്ള എസ്ബിഐ ബ്രാഞ്ചില്‍ അക്കൗണ്ടുള്ള മറ്റ് അധ്യാപകരുടെ ഫോണുകളിലേക്ക് സംശയാസ്പദമായ സന്ദേശങ്ങളും കോളുകളും എത്തിയതും ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. 
സിഎംഎസ് കോളേജിലെ ബയോ ടെക്നോളജി വിഭാഗം അധ്യാപകനായ ഡോ. ജിനു ജോണ്‍, ഫിസിക്സ് വിഭാഗം അധ്യാപികയായ നുജെ എന്നിവര്‍ക്കാണ് പണം നഷ്ടമായത്. എസ്ബിഐ പുതിയ എടിഎം കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി നിലവിലുള്ള കാര്‍ഡുകള്‍ റദ്ദു ചെയ്യുമെന്നും സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഫോണിലൂടെ ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് ഓണ്‍ലൈനായി തിരികെ സന്ദേശം അയയ്ക്കാനുമാണ് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. പുതിയ കാര്‍ഡുകള്‍ എത്താന്‍ കാത്തിരുന്ന അധ്യാപകരാണ് തട്ടിപ്പിന് ഇരയായത്. ഡോ. ജിനു ജോണിന് ശനിയാഴ്ച ആദ്യം 19,900 രൂപയും പിന്നീട് 90,000 രൂപയും നഷ്ടമായി. ആദ്യം പണം നഷ്ടപ്പെട്ടതറിഞ്ഞ് ബാങ്ക് അധികൃതരെ സമീപിച്ച് അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എടിഎം കാര്‍ഡ് റദ്ദാക്കുക മാത്രമാണുണ്ടായതെന്നും ഇതുമൂലം വീണ്ടും പണം നഷ്ടപ്പെടുകയായിരുന്നുവെന്നും ഡോ. ജിനു പറഞ്ഞു. അധ്യാപികയായ നുജെയുടെ 11000 രൂപയാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ അപഹരിച്ചത്. 
ഡോ. ജിനു സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന പ്രാഥമിക അന്വേഷണത്തില്‍ പേടിഎം അക്കൗണ്ടിലേക്കാണ് പണം ചോര്‍ത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് ശേഷവും ഡോ. ജിനുവിന്റെ മറ്റൊരു അക്കൗണ്ടില്‍ നിന്നും 60000 രൂപ കൂടി ചോര്‍ത്തി. 

Latest News