Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് സ്ത്രീകളുടെ  നഗ്‌ന ചിത്രങ്ങള്‍ കാണിച്ച്  പണം തട്ടുന്ന വിരുതന്‍ പിടിയില്‍ 

സ്ത്രീകളുടെ ചിത്രങ്ങള്‍ ഫോട്ടോ ഷോപ്പില്‍ എഡിറ്റ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി വാട്‌സ് അപ്പില്‍  അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി  പണം തട്ടുന്ന യുവാവ് പിടിയില്‍. കോട്ടയം ഡിവൈഎസ്പിക്ക് നാല്‍പതുകാരിയായ വീട്ടമ്മയില്‍ നിന്നും ലഭിച്ച പരാതിയുടെ അന്വേഷണത്തിനൊടുവിലാണ്  ഇയാള്‍ പിടിയിലായത്. ഓണംതുരുത്ത് വില്ലേജില്‍ നീണ്ടൂര്‍ കരയില്‍ പ്രാവട്ടം ഭാഗത്ത്  മഠത്തിപ്പറമ്പില്‍  അനീഷ് എം വി ആണ് പിടിയില്‍ ആയത്. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വെര്‍ച്ചല്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സ് ആപ്  അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യുന്ന ഇയാള്‍  പരിചയമുള്ള സ്ത്രീകളുടെ   ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും   ഡൗണ്‍ലോഡ്  ചെയ്യും. തുടര്‍ന്ന് ഇവ നഗ്‌നഫോട്ടോകളായി  മാറ്റിയ ശേഷം അവരുടെ വാട്‌സ് ആപ് നമ്പരിലേയ്ക്ക്  അയക്കും. ഈ ഫോട്ടോകള്‍   ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും, ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്യുമെന്നും പറഞ്ഞ്  ഭീഷണിപ്പെടുത്തി  ലക്ഷങ്ങള്‍ ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍  ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണി തുടരുകയും ചെയ്യും.  
ഈ കേസിലെ പരാതിക്കാരിയായ വീട്ടമ്മയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.  കോട്ടയം ഡി.വൈ.എസ്.പി യ്ക്ക് പരാതി നല്‍കിയ വീട്ടമ്മ പിന്നീട് പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച്  രൂപ തരാം എന്ന് സമ്മതിച്ചു.   രാവിലെ ഏറ്റുമാനൂര്‍ ബസ് സ്റ്റാന്റില്‍ എത്താന്‍ ഇയാള്‍ വീട്ടമ്മയോട് ആവശ്യപ്പെട്ടതനുസരിച്ച്  അവര്‍ അവിടെ എത്തി. പിന്നീട് വാട്‌സ്ആപ് മെസ്സെജുകളിലൂടെ വൈക്കം റോഡില്‍  വില്ലേജ് ഓഫീസിനു മുന്നിലെത്തി വലത്തോട്ടുള്ള വഴിയില്‍ തിരിഞ്ഞ് കാണുന്ന കെട്ടിടത്തിലെ  സ്റ്റെപ്പിനടുത്ത് പണം വെച്ചിട്ട്  പോകുവാന്‍ ഇയാള്‍ നിര്‍ദ്ദേശിച്ചു. ഇയാളുടെ നീക്കങ്ങള്‍ കൃത്യമായി പിന്‍തുടര്‍ന്ന പോലീസ് സ്ഥലത്തെത്തിയതോടെ  ഫോണ്‍ സഹിതം പിടികൂടുകയായിരുന്നു.

Latest News