Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് യു.പിക്കാരനെ  തലക്കടിച്ചു കൊന്നു 

കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിംഗ് യാദവ്(21) എന്ന ഗോകുല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വളയനാട് മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തെ കുറിച്ച് പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ : പ്രിന്റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഭരതിനെ കാണാനായി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ തന്നെ സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനുമായ ജയ്‌സിംഗ് യാദവും എത്തി. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുകയും തുടര്‍ന്ന് മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് ഭരത് സമീപത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് ജയ്‌സിംഗ് യാദവിന്റെ തലക്കടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. രാത്രി ഏറെ വൈകിയും ഇവര്‍ പ്രദേശത്ത് നിന്ന് പോവാത്തത് ശ്രദ്ധയില്‍പെട്ട മറ്റു തൊഴിലാളികള്‍ സ്ഥല ഉടമയെ വിവരമറിയിച്ചു. ഉടമ മെഡിക്കല്‍കോളജ് പോലീസില്‍ വിവരമറിയിക്കുകയും പോലീസ് പിന്നീട് സ്ഥലത്തെത്തുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോള്‍ മൂവരും മദ്യപിച്ചിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഭരത് ഈ സമയവും ഇവിടെ തന്നെയുണ്ടായിരുന്നു. ഇതോടെ ഭരതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തത വരാനുണ്ടെന്നും ഭരതാണ് ചെയ്‌തെന്നുറപ്പിക്കാനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. 

Latest News