തിരൂര്‍- ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ച് തിരൂരില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചു. ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്‍, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പൂങ്ങോട്ട് കുളത്തെ കോളേജ് പരിസരത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ചലഞ്ചിനെ തുടര്‍ന്നുണ്ടാ സംഘര്‍മാണ് തിങ്കളാഴ്ച ഏറ്റുമുട്ടലില്‍ കലാശിച്ചത്. കോളേജിലെ വിദ്യാര്‍ഥികള്‍ ചലഞ്ച് ഏറ്റെടുത്ത് റോഡില്‍ പാട്ടിന് ചുവട് വെച്ചത് ഗതാഗതക്കുരുക്കിന് കാരണമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്തത് വാക്കേറ്റത്തിലെത്തിയിരുന്നു.
പിന്നീട് നാട്ടുകാര്‍ തന്നെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.
എന്നാല്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായെത്തി നാട്ടുകാരില്‍ ചിലരെ ആക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പ്, കമ്പി, കത്തി തുടങ്ങി ആയുധങ്ങളുമായാണ് അക്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
റോഡില്‍ വാഹനങ്ങള്‍ക്കു മുമ്പിലേക്ക് ഇറങ്ങി നിന്ന് നില്ല് നില്ല്..നില്ലെന്റെ നീല കുയിലേ.. എന്ന പാട്ടിനൊത്ത് നൃത്തം ചെയ്ത് ദൃശ്യം ടിക് ടോക് ആപ്പില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. നിരവധി പേര്‍ ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നണ്ട്.
ജാസി ഗിഫ്റ്റിന്റെ ഹിറ്റുകളില്‍ ഒന്നായിരുന്നു നില്ല് നില്ല്, നില്ലെന്റെ നീല കുയിലേ എന്ന ഗാനം. എന്നാല്‍ 2004 ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോള്‍ തരംഗമായിരിക്കുന്നത് ടിക് ടോക്കിലൂടെയാണ്. ഓടുന്ന വണ്ടിക്ക് മുമ്പില്‍ ചാടി ഗാനത്തിനൊപ്പം ചുവടുവെക്കുന്നതാണ് ഹരമായിരിക്കുന്നത്. ഇതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.