മദീന - യാമ്പുവിൽ പ്രളയത്തിൽ പെട്ട് മരിച്ച പിഞ്ചു ബാലികയുടെ മൃതദേഹം കണ്ടെത്തുന്നതിനുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. യാമ്പുവിലെ തൽഅത് നസായിലെ വാദി സമായിൽ വെള്ളിയാഴ്ച വൈകീട്ടാണ് ഏഴു മാസം മാത്രം പ്രായമുള്ള ബാലികയെ ഒഴുക്കിൽപെട്ട് കാണാതായത്. സിവിൽ ഡിഫൻസ്, നാഷണൽ ഗാർഡ് എന്നിവക്കു പുറമെ നിരവധി സന്നദ്ധപ്രവർത്തകരും വിവിധ സർക്കാർ വകുപ്പുകളും അഞ്ചു ദിവസമായി തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. തിരച്ചിലിന് സഹായകമായ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും കൂടുതൽ ജീവനക്കാരെയും യാമ്പു സിവിൽ ഡിഫൻസിന് ലഭ്യമാക്കിയിട്ടുണ്ട്. മുപ്പതു കിലോമീറ്ററിലേറെ നീളമുള്ള വാദി സമായെ വിവിധ ഭാഗങ്ങളായി തിരിച്ചാണ് തിരച്ചിലുകൾ നടത്തുന്നതെന്ന് മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് അൽജുഹനി പറഞ്ഞു. വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളെയും തിരച്ചിലിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് വാദി സമായിൽ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. ഇതിൽ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.