റിയാദ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ വെള്ളിയാഴ്ച വരെ മഴ പെയ്യാനിടയുണ്ടെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. തബൂക്ക് പ്രവിശ്യയിലെ തൈമാ, ഉംലജ്, വടക്കൻ അതിർത്തി പ്രവിശ്യയിലെ അറാർ, തുറൈഫ്, അൽജൗഫ് പ്രവിശ്യയിൽ സകാക്ക, ഖുറയ്യാത്ത്, ത്വബർജൽ, ഹായിൽ പ്രവിശ്യയിലെ ബുകആ, അൽഹായിത്, അൽഗസാല എന്നീ പ്രദേശങ്ങളിൽ ഭേദപ്പെട്ടതും ശക്തവുമായി രീതിയിൽ നാളെ മഴക്ക് സാധ്യതയുണ്ട്. മദീന പ്രവിശ്യയിൽ യാമ്പു, അൽഉലാ, മഹദുദ്ദഹബ്, ഹനാകിയ്യ, ബദർ, റായിസ്, അൽഈസ്, ഖൈബർ, വാദിഅൽഫറഹ്, മക്കാ പ്രവിശ്യയിൽ ജിദ്ദ, ദഹബാൻ, തായിഫ്, ലെയ്ത്ത്, റാബഗ്, ഖുലൈസ്, അൽകാമിൽ, ബഹ്റ, അൽജുമൂം, മൈസാൻ എന്നിവിടങ്ങളിൽ നാളെയും മറ്റന്നാളും പ്രളയത്തിനിടയാക്കുന്നവിധം ശക്തമായ മഴ ലഭിച്ചേക്കും. അൽഖസീം, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിൽ നാളെ രൂക്ഷമായ പൊടിക്കാറ്റ് ആഞ്ഞുവീശും. റഫ്ഹയിൽ മറ്റന്നാൾ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അൽഖസീം പ്രവിശ്യയിൽ ബുറൈദ, ഉനൈസ, അൽറാസ്, മിദ്നബ്, ബുകൈരിയ, അൽബദായിഹ് എന്നിവിടങ്ങളിലും ബുധനാഴ്ച ഭേദപ്പെട്ട മഴ ലഭിക്കും. റിയാദ് പ്രവിശ്യയിൽ മജ്മ, ശഖ്റാ, സുൽഫി, ഖുവൈഇയ്യ, അൽഗാത്ത്, ദവാദ്മി, അഫീഫ്, കിഴക്കൻ പ്രവിശ്യയിൽ ഹഫർ അൽബാത്തിൻ, ഖൈസൂമ, അൽബാഹ പ്രവിശ്യയിൽ ബൽജുർഷി, മിൻദഖ്, മിഖ്വാത്, ഖൽവ, അസീർ മേഖലയിൽ അബഹ, മഹായിൽ, അൽനമാസ്, തനൂമ, മജാരിദ, സബ്തുൽ അലായ, എന്നിവിടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ രീതിയിൽ മഴ അനുഭവപ്പെടും. റിയാദ് പ്രവിശ്യയിൽ തലസ്ഥാന നഗരി, അൽഖർജ്, കിഴക്കൻ പ്രവിശ്യയിൽ ഖഫ്ജി, ജുബൈൽ, ദമാം, അൽകോബാർ, ദഹ്റാൻ എന്നിവിടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. ചിലഭാഗങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ പ്രവചനം വ്യക്തമാക്കി.
തബൂക്ക് പ്രവിശ്യയിൽ ഹഖൽ, ദിബാ, അൽവജ എന്നിവിടങ്ങളിലും അൽജൗഫ്, വടക്കൻ അതിർത്തി, ഹായിൽ പ്രവിശ്യകളിലും വ്യാഴാഴ്ച ഭേദപ്പെട്ട രൂപത്തിൽ മഴ ലഭിക്കും. രാജ്യത്ത് ഏതാണ്ട് എല്ലായിടത്തും തണുത്ത കാലാവസ്ഥ അനുഭവപ്പെടും. കലുഷിതമായ കാലാവസ്ഥയെ കുറിച്ചുള്ള സിവിൽ ഡിഫൻസ് അതോറിറ്റി പുറപ്പെടുവിക്കുന്ന റിപ്പോർട്ട് മുഖവിലക്കെടുക്കണമെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർഥിച്ചു.