Sorry, you need to enable JavaScript to visit this website.

ഒക്‌ടോബറിൽ ഉപയോക്താക്കൾ  ചെലവഴിച്ചത് 81 ബില്യൺ റിയാൽ 

റിയാദ്- ഈ കഴിഞ്ഞ ഒക്‌ടോബർ മാസം സൗദി അറേബ്യയിൽ ഉപയോക്താക്കൾ ആകെ 81.35 ബില്യൺ റിയാൽ ചെലവഴിച്ചതായി കണക്ക്. കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ)യെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക പത്രമായ 'അൽഇഖ്തിസാദിയ' റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതു പ്രകാരം, അവശ്യവസ്തുക്കൾ വാങ്ങിക്കുന്നതിൽ 2017 ഒക്‌ടോബറിനെ അപേക്ഷിച്ച് 4.8 ശതമാനം അധികം തുകയാണ് ഉപയോക്താക്കൾ ഇത്തവണ ചെലവഴിച്ചത്. 2017 ഒക്ടോബറിൽ രാജ്യവ്യാപകമായി ആളുകൾ നിത്യോപയോഗ സാധനങ്ങൾക്കായി ചെലവഴിച്ച ആകെ തുക  77.59 ബില്യൺ റിയാൽ ആയിരുന്നു. ഇത് പരിഗണിച്ചാൽ 3.76 ബില്യൺ റിയാൽ അധികം ചെലവഴിച്ചുവെന്ന് സാരം. തൊട്ടുമുൻപത്തെ മാസത്തെ അപേക്ഷിച്ചും ഒക്‌ടോബറിൽ ഉപയോക്താക്കൾ ചെലവഴിച്ച സംഖ്യ 5.7 ശതമാനം എന്ന തോതിൽ ഉയർന്നിട്ടുണ്ട്. സെപ്റ്റംബറിൽ 76.9 ബില്യൺ റിയാൽ ആണ് നിത്യോപയോഗ വസ്തുക്കൾക്ക് ആളുകൾ ചെലവഴിച്ചത്. അഥവാ സെപ്റ്റംബർ മാസത്തേക്കാൾ 4.4 ബില്യൺ റിയാലാണ് ഒക്‌ടോബറിൽ ആളുകൾ വിനിയോഗിച്ചത്. 
അവശ്യവസ്തുക്കൾ വാങ്ങിക്കുന്നതിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആളുകൾ കൂടുതൽ പണം ചെലവഴിച്ചിട്ടുണ്ടെന്നും സാമ റിപ്പോർട്ട് വിശദമാക്കുന്നു. ഈ വർഷം ഒക്‌ടോബർ വരെ, ഓരോ മാസവും ശരാശരി 81.49 ബില്യൺ റിയാൽ എന്ന തോതിൽ ആളുകൾ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ 2017 ൽ ഇതേ കാലയളവിൽ 76.9 ബില്യൺ റിയാൽ ആണ് ഉപയോക്താക്കൾ ചെലവഴിച്ചിരുന്നത്. അതായത്, ഈ വർഷം 5.93 ശതമാനം അധികം തുക ആളുകൾ വിനിയോഗിച്ചുവെന്ന് അർഥം. എന്നാൽ 2016ൽ ഉപയോക്താക്കൾ ചെലവഴിച്ച തുകയുടെ ശരാശരി 78 ബില്യൺ റിയാൽ ആണെന്ന് റിപ്പോർട്ട് പ്രതിബാധിക്കുന്നു.  
ബാങ്കുകൾ വഴിയും എ.ടി.എം വഴിയും നടന്ന ഇടപാടുകളിലും ഇക്കഴിഞ്ഞ ഒക്‌ടോബറിൽ വൻ വർധനയുണ്ട്. കൂടാതെ, പോയിന്റ് ഓഫ് സെയിൽ വ്യവഹാരം ഈ ഒക്ടോബറിൽ 2.85 ബില്യൺ റിയാൽ രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലായളവിൽ ഇത് 17.3 ബില്യൺ റിയാൽ മാത്രമായിരുന്നു. പോയിന്റ് ഓഫ് സെയിൽസിന്റെ 13.9 ശതമാനവും ഭക്ഷണ, പാനീയങ്ങളുടേതായിരുന്നു എന്നതാണ് ശ്രദ്ധേയം. ഈ വകയിൽ നടന്ന കച്ചവടത്തിലും ഒക്ടോബർ മാസം റെക്കോർഡ് വർധനയുണ്ട്. 2.69 ബില്യൺ റിയാൽ ആണ്  ഒക്ടോബറിൽ ആളുകൾ ഭക്ഷണ, പാനീയങ്ങൾക്കായി ചെലവിട്ടത്. ഒക്ടോബറിൽ പൊതുവെ, ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും കച്ചവടവും ഉയർന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇവിടങ്ങളിൽ നടന്ന 2.35 ബില്യൺ റിയാലിന്റെ ഇടപാടുകളിൽ 12.2 ശതമാനവും പോയിന്റ് ഓഫ് സെയിൽസ് വഴിയായിരുന്നു. ഒക്ടോബറിൽ രാജ്യത്തെ വിനോദമേഖലക്കും ടെലി കമ്മ്യൂണിക്കേഷൻസ് മേഖലക്കും പൊതുവേ ഉണർവായിരുന്നുവെന്ന് പറയാം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ രണ്ട് മേഖലകളിലും ആളുകൾ കൂടുതൽ തുക മുടക്കിയിട്ടുണ്ടെന്ന് സാമ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. 


   
 

Latest News