ചെങ്ങന്നൂര്‍- പ്രളയ ദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന് യുഎഇ നല്‍കാമെന്നറിയിച്ച 700 കോടി രൂപയുടെ സഹായത്തിനു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കേയിരുന്ന സഹായങ്ങളും കേന്ദ്രം തട്ടിത്തെറിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടു മൂലം വന്‍ തുകയാണ് നഷ്ടമായത്. 700 കോടിയുടെ സഹായം യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് വാഗ്ദാനം ചെയ്തു. ആദ്യം പ്രധാനമന്ത്രി ഇതിന് യുഎഇക്ക് നന്ദി അറിയിക്കുകയും പിന്നീട് വേണ്ടെന്ന് വെക്കുകയും ചെയ്തു. അതെന്തു കൊണ്ടെന്ന് അറിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മോദി വിദേശസഹായങ്ങള്‍ കൈപ്പറ്റിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരില്‍ പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് 2000 വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഉല്‍ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. കേന്ദ്രത്തിന്റെ തീരുമാനത്തോടെ മറ്റു വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കാവുന്ന വലിയൊരു സഹായം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
5000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിനു കുറിച്ച് ഒരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ല. 2500 കോടി രൂപ കേന്ദ്ര ഉന്നത സമിതി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതു സംബന്ധിച്ച് പെട്ടെന്നുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.