റിയാദ് - മൂന്നു പതിറ്റാണ്ടിനിടെ സൗദിയിലുണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ ജീവൻ നഷ്ടമായത് നിരവധി പേർക്ക്. മിക്ക മരുഭൂമികളിലും വെള്ളം കയറുകയും ചെയ്തു. താഴ്വരകളിലും മലമ്പ്രദേശങ്ങളിലുമെല്ലാം താമസിച്ചിരുന്നവർക്കാണ് മഴ കൂടുതൽ പ്രയാസമുണ്ടാക്കിയത്. ഇവരെ രക്ഷിക്കാൻ സിവിൽ ഡിഫൻസ് ഏറെ പ്രയാസപ്പെടുകയും ചെയ്തു. ഇന്നലെ യാമ്പുവിൽ പ്രളയത്തിൽ പെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേർ മരണപ്പെട്ടു. ഇതിൽ നാലു പേരുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് കണ്ടെത്തി. യാമ്പുവിലെ തൽഅത് നസായിലെ വാദി സമായിലാണ് കുടുംബം വെള്ളിയാഴ്ച വൈകീട്ട് ഒഴുക്കിൽ പെട്ടത്. സിവിൽ ഡിഫൻസ് അധികൃതരും സന്നദ്ധപ്രവവർത്തകരും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലുകളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒമ്പതു വയസുകാരന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അഞ്ചു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ കുട്ടികളുടെ പിതാവിന്റെ മൃതദേഹം കണ്ടെത്തി. വൈകാതെ പതിനാറു വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഒമ്പതു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് ഇനിയും കണ്ടെത്താനുള്ളത്. ബാലികയുടെ മൃതദേഹത്തിനു വേണ്ടി സിവിൽ ഡിഫൻസ് അധികൃതരും സന്നദ്ധപ്രവർത്തകരും വാദി സമായിൽ തിരച്ചിൽ തുടരുകയാണ്.
യാമ്പു എയർപോർട്ടിന് വടക്ക് വാദി അൽസ്വരീറിൽ പ്രളയത്തിൽ പെട്ട കാറിൽ കുടുങ്ങിയ അഞ്ചു പേരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. മൂന്നു കുട്ടികൾ അടക്കമുള്ളവരെയാണ് അധികൃതർ രക്ഷപ്പെടുത്തിയത്.
മദീന പ്രവിശ്യയിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. മദീന, യാമ്പു, അൽഉല, ബദ്ർ, ഖൈബർ, അൽഅയ്‌സ്, വാദി അൽഫറഅ് എന്നിവിടങ്ങളിലെല്ലാം മഴ അനുഭവപ്പെട്ടു. മദീനയിൽ മഴക്കിടെ സഹായം തേടി 76 പേർ സിവിൽ ഡിഫൻസിൽ ബന്ധപ്പെട്ടു. മദീന നഗരത്തിൽ 25 ഉം അൽഅയ്‌സിൽ പത്തും യാമ്പുവിൽ 41 ഉം കോളുകളാണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ ലഭിച്ചത്. യാമ്പുവിൽ അടക്കം മദീന പ്രവിശ്യയിൽ പ്രളയത്തിലും വെള്ളം കയറിയ പ്രദേശങ്ങളിലും കുടുങ്ങിയ നാൽപതു പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. യാമ്പു അൽനഖ്ൽ, തൽഅത് നസാ, നോർത്ത് റോഡ്, അൽനജഫ് റോഡ്, വാദി ഖമാൽ റോഡ് എന്നീ റോഡുകൾ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് സുരക്ഷാ വകുപ്പുകൾ അടച്ചു. പലടിയങ്ങളിലും റോഡുകൾ തകർന്നു.
അൽജൗഫ് പ്രവിശ്യയിലെ സകാക്കയലും ദോമത്തുൽജന്ദലിലും ഖുറയ്യാത്തലിലും കഴിഞ്ഞ ദിവസമുായ മഴക്കിടെ 23 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. വെള്ളം കയറിയ പ്രദേശങ്ങളിൽ കുടുങ്ങിയവരെയും പ്രളയത്തിൽ പെട്ടവരെയുമാണ് രക്ഷപ്പെടുത്തിയത്. ഖുറയ്യാത്തിലെ അൽഈസാവിയയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് ആകെ 27 പേർ അടങ്ങിയ മൂന്നു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവർക്ക് ബദൽ താമസസൗകര്യം ലഭ്യമാക്കി. അൽജൗഫ് പ്രവിശ്യയിലെ അൽമരീർ, അൽശഖീഖ്, സ്വദീഅ് അൽഅബ്‌യദ്, ഹദ്‌റജ്, അബൂഹവായ, അൽനൂഖിത്, അൽദൽഹമിയ താഴ്‌വരകൾ പ്രളയത്തിൽ നിറഞ്ഞൊഴുകി.
.