ബ്യൂണസ് അയേഴ്‌സ് - അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ ജി-20 ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലോക നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌യുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും വിശകലനം ചെയ്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് യൂസുഫ് കാലാ എന്നിവരുമായും കിരീടാവകാശി പ്രത്യേകം ചർച്ചകൾ നടത്തി.
ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായി നടത്തിയ ചർച്ചക്കിടെ ഇസ്‌ലാമിക ലോകത്തെ പുതിയ സംഭവവികാസങ്ങളും പ്രശ്‌നങ്ങളും സൗദി-ഇന്തോനേഷ്യൻ ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും കിരീടാവകാശി വിശകലനം ചെയ്തു. ഊർജ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചാണ് ദക്ഷിണാഫ്രിക്കൻ, ചൈനീസ് പ്രസിഡന്റുമാരും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചർച്ച ചെയ്തത്. സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, വിദേശ മന്ത്രി ആദിൽ അൽജുബൈർ, ഊർജ വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് തുടങ്ങിയവർ കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.
ഗൾഫ് മേഖലയുടെ അഭിവൃദ്ധിക്കും പുരോഗതിക്കും സൗദി അറേബ്യയുടെ സുരക്ഷാ ഭദ്രത അനിവാര്യമാണെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും സാമൂഹിക പരിഷ്‌കരണങ്ങൾക്കും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ ചൈന ശക്തമായി പിന്തുണക്കുമെന്ന് മുഹമ്മദ് ബിൻ രാജകുമാരനുമായി നടത്തിയ ചർച്ചക്കിടെ ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.