തലശ്ശേരി- പതിനൊന്നുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ 46 കാരനായ പിതാവിനെ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഇരിക്കൂർ പടിയൂരിലെ നള്ളക്കണ്ടി സക്കറിയയെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി പ്രതി അധിക തടവ് അനുഭവിക്കണം. പിഴയടക്കുകയാണെങ്കിൽ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. 2011 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ പിതാവ് മകളെ നിരന്തരമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെടുകയും പീഡനത്തിന് ഇരയായിരുന്ന പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ പരാതിയുമായി സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് തലശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി നിർദേശ പ്രകാരം ഇരിക്കൂർ പോലീസ് കേസെടുക്കുകയായിരുന്നു.