കൊണ്ടോട്ടി- രേഖകളില്ലാത്ത സ്വർണാഭരണങ്ങളുമായി കരിപ്പൂരിലെത്തിയ യാത്രക്കാരൻ വരുമാന നികുതി വകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി. കൊൽക്കത്ത ജോറാബഗാൻ ടാഗോർ സ്ട്രീറ്റ് സ്വദേശി ശ്രാവൺകുമാർ ജോറ (30) ആണ് പിടിയിലായത്്. ഇയാളുടെ കൈവശം 6 കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ വിപണിയിൽ 1,79,46,000 രൂപ വിലവരുന്ന ഇവയിൽ 88,98.225 രൂപ വിലവരുന്ന 2975 ഗ്രാം സ്വർണത്തിന് മതിയായ രേഖകൾ ഇല്ലായിരുന്നു. ഇതേ തുടർന്ന് ഇയാളെ വരുമാന നികുതി വകുപ്പുദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ഇൻഡിഗോ എയറിന്റെ വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് രാവിലെ 10.30 നാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് വിമാനത്താവളത്തിലെത്തി കാത്തിരുന്ന ഇൻകം ടാക്‌സ് വിഭാഗം ഉദ്യോഗസ്ഥർ വിമാനകമ്പനി ജീവനക്കാർക്ക് ഇയാളെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറുകയായിരുന്നു. യാത്രക്കാരൻ വിമാനമിറങ്ങിയ ഉടനതന്നെ വിമാന സെക്യൂരിറ്റി വിഭാഗം ഇയാളെ ഇൻകം ടാക്‌സ് വിഭാഗത്തിന് കൈമാറി. ഇവർ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം സ്വർണാഭരണങ്ങൾ ഉള്ളതായി കണ്ടെത്തിയത്. കൊൽക്കൊത്തയിൽ നിന്നും കോഴിക്കോട്ടെ ഒരു പ്രമുഖ ജ്വല്ലറിക്ക് സ്വർണാഭരണങ്ങൾ നൽകാനാണ് ഇയാളെത്തിയത്. എന്നാൽ 2975 ഗ്രാം സ്വർണത്തിന് രേഖകൾ ഹാജരാക്കാൻ കഴിയാതായതോടെ ഇയാളെ ഇൻകം ടാക്‌സ് വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.