മലപ്പുറം- കേരളത്തെ നടുക്കിയ പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മംഗളം ലേഖകൻ ഫ്രാൻസിസ് ഓണാട്ട് രചിച്ച ദുരന്തങ്ങളുടെ ഓർമക്ക് എന്ന കവിതയുടെ ഓഡിയോ, വീഡിയോ ആൽബം പി. ഉബൈദുള്ള എം.എൽ.എ പ്രകാശനം ചെയ്തു. മലപ്പുറം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ സി.ഡി പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുള്ള ഏറ്റുവാങ്ങി. സി.ഡി വിറ്റുകിട്ടുന്ന ആദായം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നു ഫ്രാൻസിസ് ഓണാട്ട് പറഞ്ഞു. വയനാട്ടിൽ നടന്ന ഉരുൾപൊട്ടലുകളെയും ദുരന്തങ്ങളെയും ആസ്പദമാക്കി രചിച്ച ആൽബത്തിൽ ഗായകൻ നംഷാദ്, വിദ്യാർഥികളായ ഷഹർബാബു, നിദ ഇഷ്‌ന എന്നിവരാണ് പാടിയത്. ഹമീദ് മെഹ്ഫിൽ സംഗീത സംവിധാനവും ഹനീഫ രാജാജി സംവിധാനവും നിർവഹിച്ചു. പ്രളയക്കെടുതിയെക്കുറിച്ച് കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഓഡിയോ, വീഡിയോ ആൽബം പുറത്തിറങ്ങുന്നത്. ചടങ്ങിൽ കെയുഡബ്ല്യൂജെ സംസ്ഥാന കമ്മിറ്റി അംഗം സമീർ കല്ലായി, വി.എം സൂബൈർ, മുഹമ്മദലി വലിയാട്, ഹനീഫ രാജാജി, പ്രമോദ് മണ്ണിൽതൊടി എന്നിവർ പ്രസംഗിച്ചു.