Sorry, you need to enable JavaScript to visit this website.

ഡിവൈ.എസ്.പി ഓഫീസിൽ പരിശോധന നടത്തിയ  ഉദ്യോഗസ്ഥയുടെ ഭർത്താവിനെ സ്ഥലംമാറ്റി  

കോഴിക്കോട്- താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിൽ പരിശോധന നടത്തിയ ധനകാര്യ വിഭാഗം ഉദ്യോഗസ്ഥയുടെ ഭർത്താവിന് സ്ഥലം മാറ്റം. കോഴിക്കോട് റൂറൽ എ.ആർ ക്യാമ്പിലെ സീനിയർ പോലീസ് ഓഫീസർക്കെതിരെയാണ് നടപടി. 
കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്യാമ്പിൽ നിന്ന് ജില്ലാ അതിർത്തിയായ ചോമ്പാല പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. നടപടി സേനാംഗങ്ങൾക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിൽ പരിശോധന നടത്തിയത്. പതിവ് പരിശോധനയുടെ ഭാഗമായി ഡിവൈ.എസ്.പി ഓഫീസിലെത്തിയ സംഘം പ്രധാനപ്പെട്ട ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറക്ക് ക്രമക്കേടുകളുടെ വിവരങ്ങൾ സംസ്ഥാന ധനകാര്യ വിഭാഗത്തിലേക്ക് അയക്കാനാണ് നീക്കം. ഇതിനിടയിലാണ് ധനകാര്യ വിഭാഗത്തിലെ സെക്ഷൻ ഓഫീസറായ ജീവനക്കാരിയുടെ ഭർത്താവിനെ നാട് കടത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഡ്യൂട്ടി ഓഫീസിലെ റൈറ്ററായ ഇയാളെ സ്ഥലം മാറ്റിയതായി അറിയുന്നത്. എ.ആർ അസിസ്റ്റന്റ് കമാണ്ടന്റ് വാക്കാൽ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. എത്രയും പെട്ടെന്ന് ചോമ്പാല പോലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിക്കണമെന്ന കർശന നിർദേശമാണ് നൽകിയത്. ഇതേ തുടർന്നാണ് ഇന്നലെ തന്നെ ചോമ്പാലയിൽ ചുമതലയേറ്റത്. ഡ്യൂട്ടി ഓഫീസിൽ റൈറ്റർമാരുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻമാരെ സാധാരണ സ്ഥലം മാറ്റാറില്ല. പതിവിന് വിരുദ്ധമായുള്ള നടപടി വൻ പ്രതിഷേധത്തിന് വഴിയൊരുക്കുമെന്നാണ് സൂചന. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സമ്മർദത്തെ തുടർന്നാണ് സ്ഥലം മാറ്റമെന്നും ആക്ഷേപം ഉയരുന്നുണ്ട്. താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിലെ പരിശോധനയ്ക്ക് പിന്നാലെ ധനകാര്യ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയുടെ ഭർത്താവ് ആരാണെന്ന് അന്വേഷിച്ച് എ.ആർ ക്യാമ്പിലേക്ക് ഫോൺ വന്നതായും വിവരമുണ്ട്. അതേസമയം സ്ഥലംമാറ്റത്തിൽ അസ്വാഭാവികതയില്ലെന്ന് റൂറൽ ജില്ലാ പോലീസ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് വ്യക്തമാക്കി.
 

Latest News