Sorry, you need to enable JavaScript to visit this website.

ഖുൻഫുദ എയർപോർട്ടിന് അടുത്തയാഴ്ച ശിലാസ്ഥാപനം

ഖുൻഫുദ വിമാനത്താവളത്തിന്റെ രൂപരേഖ.

ജിദ്ദ - ഖുൻഫുദയിൽ നിർമിക്കുന്ന പുതിയ വിമാനത്താവളത്തിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ അടുത്തയാഴ്ച ശിലാസ്ഥാപനം നിർവഹിക്കും. വിമാനത്താവളത്തിന്റെ നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. എയർപോർട്ട് നിർമാണത്തിന്റെ കരാർ ലഭിക്കുന്നതിന് ഒമ്പതു കമ്പനികൾ മത്സര രംഗത്തുണ്ട്. 
ഖാലിദ് അൽഫൈസൽ രാജകുമാരൻ പത്തു വർഷം മുമ്പ് നടത്തിയ ഖുൻഫുദ സന്ദർശനത്തിനിടെയാണ് ഖുൻഫുദയിൽ എയർപോർട്ട് നിർമിക്കുകയെന്ന ആശയം ഉയർന്നുവന്നത്. പദ്ധതിയെ കുറിച്ച് വിശദമായി പഠിക്കുന്നതിനും അന്തിമ രൂപംനൽകുന്നതിനും മക്ക ഗവർണറേറ്റ്, ജിദ്ദ നഗരസഭ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിന് ഗവർണർ അന്ന് ഉത്തരവിട്ടു. 
ഖുൻഫുദയിലെ ആറു സ്ഥലങ്ങളാണ് എയർപോർട്ടിനു വേണ്ടി തുടക്കത്തിൽ പരിഗണിച്ചത്. പത്തു മാസം നീണ്ട പഠനങ്ങൾക്കൊടുവിൽ ഉത്തര ഖുൻഫുദയിലെ സ്ഥലം കമ്മിറ്റി തെരഞ്ഞെടുത്തു. എന്നാൽ ഈ പ്രദേശത്ത് മണൽകാറ്റിനുള്ള സാധ്യതയും അത് വ്യോമഗതാഗതത്തെ ബാധിക്കുന്നതിനുള്ള സാധ്യതയും കണക്കിലെടുത്ത് ഈ സ്ഥലം പിന്നീട് ഉപേക്ഷിച്ചു. ഇതിനുശേഷം പതിനാലു സ്ഥലങ്ങൾ എയർപോർട്ടിനുവേണ്ടി പരിഗണിച്ചു. തുടർന്നാണ് ഇപ്പോഴത്തെ സ്ഥലം തെരഞ്ഞെടുത്തത്. ഖുൻഫുദക്ക് വടക്ക് 25 കിലോമീറ്റർ ദൂരെ 2.4 കോടി ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലമാണ് എയർപോർട്ടിനായി നിശ്ചയിച്ചിരിക്കുന്നത്. 
സ്ഥലത്തിന്റെ പ്രമാണം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു തീറെഴുതിക്കൊടുക്കുന്നത് അടക്കം നിരവധി നടപടികൾ എയർപോർട്ട് നിർമാണത്തിനു മുന്നോടിയായി കഴിഞ്ഞ വർഷങ്ങളിൽ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഖുൻഫുദയിൽ നടത്തിയ സന്ദർശനത്തിനിടെ എയർപോർട്ട് പദ്ധതി അന്തിമമായി അംഗീകരിച്ചതായി ഖാലിദ് അൽഫൈസൽ രാജകുമാരൻ പ്രദേശവാസികളെ അറിയിച്ചു. പിന്നീട് മക്ക ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ എയർപോർട്ട് പദ്ധതി സ്ഥലം നേരിട്ട് സന്ദർശിക്കുകയും വിമാനത്താവളത്തിന്റെ അന്തിമ പ്ലാൻ വീക്ഷിക്കുകയും ചെയ്തു. 
പ്രതിവർഷം അഞ്ചു ലക്ഷം യാത്രക്കാരെ സ്വീകരിക്കുന്നതിന് സാധിക്കുന്ന ശേഷിയിലാണ് ഖുൻഫുദ വിമാനത്താവളം രൂപകൽപന ചെയ്ത് നിർമിക്കുന്നത്. മൂന്നു ടെർമിനലുകളും ഒരേ സമയം അഞ്ചു വിമാനനങ്ങൾ നിർത്തിയിടുന്നതിന് വിശാലമായ ടാർമാകും എയർ ട്രാഫിക് കൺട്രോൾ ടവറും കാർ പാർക്കിംഗും മറ്റു അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 
മക്ക പ്രവിശ്യയിലെ ഖുൻഫുദ, അർദിയ്യാത്, ലൈത്ത്, അദം, അൽബാഹ പ്രവിശ്യയിലെ ഖിൽവ, മഖ്‌വാ, ഗാമിദുസ്സനാദ്, അസീർ പ്രവിശ്യയിലെ തർബാൻ, ജുംഅ റബീഅ എന്നീ സബ്ഗവർണറേറ്റുകളിലെ നിവാസികൾക്ക് ഖുൻഫുദ എയർപോർട്ട് പ്രയോജനപ്പെടും.
 

Latest News