Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ചരിത്രം ഉഴുത് മറിക്കുന്ന കർഷകർ 

 രാജ്യതലസ്ഥാനം കയ്യടക്കിയ കർഷകർ പുതുചരിത്രം രചിക്കുകയാണ്. വിളകൾക്ക് ന്യായവിലയും കടക്കെണിയിൽനിന്ന് മോചനവും ആവശ്യപ്പെട്ടാണ് ഡൽഹിയിൽ  കിസാൻമുക്തി മാർച്ച് നടക്കുന്നത്. വിവിധ ഘടക സംഘടനകളുടെ കൊടികളുമായി ആയിരങ്ങളാണ്  മാർച്ചിൽ അണിനിരന്നത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മാത്രമായി പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കാർഷിക വിളകൾക്ക് മിനിമം വിലസ്ഥിരത ഉറപ്പാക്കുക, നരേന്ദ്ര മോഡി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ടുവെക്കുന്നു.   207 സംഘടനകൾ ചേർന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റി  രൂപീകരിച്ചത്. 
21 രാഷ്ട്രീയപാർടികൾ പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു. മേധാപട്കർ, യോഗേന്ദ്രയാദവ് തുടങ്ങിയ സാമൂഹ്യപ്രവർത്തകരും രാഹുൽ ഗാന്ധി, യെച്ചൂരി തുടങ്ങിയ രാഷ്ട്രീയനേതാക്കളും കർഷകമുന്നേറ്റത്തിൽ ഭാഗഭാക്കാകുന്നു.  അധ്യാപകരും ധൈഷണികരും വിദ്യാർഥികളും അഭിഭാഷകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും കലാകാരന്മാരും ഉൾപ്പടെ  സമൂഹത്തിന്റെ വിവിധതുറകളിലുള്ള വ്യക്തികൾ ഉൾപ്പെട്ട 'നേഷൻ ഫോർ ഫാർമേഴ്സ്' എന്ന കൂട്ടായ്മയും പ്രക്ഷോഭത്തിനു പിന്തുണ നൽകുന്നു.
ഒക്ടോബർ മൂന്നിന് ഡെൽഹിയിൽ നടന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് ഈ പ്രക്ഷോഭവും. അന്ന് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിനെതുടർന്നാണ് സമരം അവസാനിപ്പിച്ചത്.  ആവശ്യങ്ങൾ ഉടൻ നിറവേറ്റിയില്ലെങ്കിൽ സമരം വ്യാപിപ്പിക്കുമെന്നും കർഷകർ അന്നേ പ്രഖ്യാപിച്ചിരുന്നു.  ഡൽഹി അതിർത്തിയിൽ കർഷകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ലാത്തിചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും നൂറോളം കർഷകർക്കാണ് പരിക്കേറ്റത്. വാസ്തവത്തിൽ സമരം പിടിവിട്ട് പോകുമെന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്നാഥ് സിങ് സമരനേതാക്കളുമായി ചർച്ച നടത്തുകയായിരുന്നു. 
എന്നാൽ ഉറപ്പുകളൊന്നും പാലിക്കാത്തതിനെ തുടർന്നാണ് കർഷകർ വീണ്ടും തലസ്ഥാനത്തെത്തിയത്. ഇടക്ക് കാർഷിക ഉൽപന്നങ്ങൾക്ക് മികച്ച വില നൽകണമെന്ന ആവശ്യവുമായി പത്ത് ദിവസത്തെ പ്രക്ഷോഭവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ  സംഘടിപ്പിച്ചിരിക്കുന്നു. മൻഡ്‌സൂറിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ആറ് കർഷകരുടെ ചരമവാർഷികദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലായിരുന്നു സമരം ആരംഭിച്ചത്. പാലും പച്ചക്കറികളും തെരുവുകളിൽ ഉപേക്ഷിച്ചു കൊണ്ടായിരുന്നു ആ സമരം നടന്നത്. 
''കൃഷി മാത്രമല്ല, കുടുംബവും മുന്നോട്ടുകൊണ്ടു പോകാൻ ഞങ്ങൾക്ക് കഴിയുന്നില്ല. വിളകളെല്ലാം വളരെ കുറഞ്ഞ വിലയിൽ വിൽക്കേണ്ടി വരികയാണ്. കിലോയ്ക്ക് ഒന്നും രണ്ടും രൂപയ്ക്കു വരെ. കൂടുതൽ കൃഷി ചെയ്യാൻ വളം വാങ്ങി ഉപയോഗിക്കാൻപോലും കഴിവില്ല, അതിനുള്ള പണം ഞങ്ങളുടെ കൈയിലില്ല'' - ഇതാണ് കർഷകർ പറയുന്നത്. കടക്കെണിയിൽ പെട്ട് ആത്മഹത്യചയ്ത പതിനായിരങ്ങളുടെ സ്മരണയാണ് ഇവരെ പ്രചോദിപ്പിക്കുന്നത്. മരിക്കാനല്ല, ജീവിക്കാനാണ് ഈ പോരാട്ടം എന്നവർ പ്രഖ്യാപിക്കുന്നു.  തങ്ങളുടെ കുടുംബത്തിൽ ജീവനൊടുക്കിയവരുടെ ചിത്രങ്ങളാണ് പലരും പ്ലക്കാർഡുകളാക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും എത്തിയ 1,200 അംഗ കർഷകരുടെ പക്കൽ രണ്ടു മനുഷ്യ തലയോട്ടികളും ഉണ്ടായിരുന്നു.  ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാൽ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കർഷകരും എത്തിയത്. 2017ൽ മഹാരാഷ്ട്രയിൽ നടന്ന ഉജ്ജ്വലമായ കർഷകപ്രക്ഷോഭത്തിന്റെ തുടർച്ച തന്നെയാണ് ഈ മുന്നേറ്റം.  അയോധ്യയല്ല ഞങ്ങൾക്ക് വേണ്ടത്, കടങ്ങൾ എഴുതി തള്ളുകയാണ് - എന്നാണവരുടെ ധീരമായ പ്രഖ്യാപനം. ഡൽഹിയിലെ ആം ആദ്മി സർക്കാരും പാർട്ടി നേതാക്കളും കർഷകർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊന്ന്. 
കന്നുകാലി വിൽപ്പനക്കുള്ള നിയന്ത്രണവും നോട്ടുനിരോധനവും ജി എസ് ടിയും  സൃഷ്ടിച്ച പ്രശ്‌നങ്ങളിൽ നിന്നു കരകയറാനാകാതെ വിഷമിക്കുമ്പോൾ തന്നെ വിളകൾക്ക് വിലത്തകർച്ചയും നേരിടേണ്ടി വന്നതാണ് കർഷകരുടെ ജീവിതം ദുരിതപൂർണമാക്കിയത്.  മൂന്നും പ്രധാനമായും കേന്ദ്രസർക്കാർ നയങ്ങളാണ്. അതിനാലാണ് കർഷകർ സമരത്തിന്റെ  കുന്തമുന കേന്ദ്രത്തിനെതിരെ നീട്ടുന്നത്.  ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒറീസ എന്നിവിടങ്ങളിലെല്ലാം  ഭൂമി അധികാര ആന്ദോളൻ വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും സംഘടിപ്പിച്ച കിസാൻ മുക്തിയാത്രക്കുശേഷമാണ് ഡൽഹിയിലെ കർഷകമുന്നേറ്റം.  

 

Latest News