Sorry, you need to enable JavaScript to visit this website.

കർലാട് വിനോദസഞ്ചാര കേന്ദ്രം: നടത്തിപ്പു ചുമതല നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷൻ ഏറ്റെടുത്തു

കൽപറ്റ- വയനാട്ടിലെ കർലാട് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ(കർലാട് അഡ്വഞ്ചർ ക്യാമ്പ്) നടത്തിപ്പുചുമതല നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷൻ ഏറ്റെടുത്തു. മെയ് ഒന്നു മുതൽ ഫൗണ്ടേഷൻെ നിയന്ത്രണത്തിലാണ് കർലാടിലെ ടൂറിസം പ്രവർത്തനങ്ങൾ. സാഹസിക-സ്‌പോർട്‌സ് ടൂറിസം രംഗത്ത് രാജ്യത്ത് അറിയപ്പെടുന്ന സ്ഥാപനമാണ്   നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷൻ. കർലാട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫൗണ്ടേഷനുമായി ഒരു വർഷത്തെ കരാറിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏർപ്പെട്ടിരിക്കുന്നത്. ഉടമ്പടിയനുസരിച്ച് അഡ്വഞ്ചർ ക്യാമ്പിൽനിന്നുള്ള വരുമാനത്തിന്റെ ഏകദേശം 75 ശതമാനം ഡി.ടി.പി.സിക്ക് ലഭിക്കും. ഡൽഹി ആസ്ഥാനമായുള്ള ടെക്‌സോൾ ഏജൻസിക്കായിരുന്നു നേരത്തേ കർലാട് ടൂറിസം സെന്ററിന്റെ നടത്തിപ്പുചുമതല. 
തരിയോട് പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കർലാട് തടാകം. കൽപറ്റയിൽനിന്നു 18 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.  11 ഏക്കർ വിസ്തൃതിയും ശരാശരി ആറ് മീറ്റർ ആഴവുമാണ് കർലാട് തടാകത്തിന്.  സ്വകാര്യ ഉടമസ്ഥതയിലായിരുന്ന തടാകവും ഇതോടുചേർന്നു മൂന്നര ഏക്കർ കരയും 1999ൽ തരിയോട് പഞ്ചായത്ത് വിലയ്ക്കുവാങ്ങിയതാണ്. വിനോദസഞ്ചാര വികസനത്തിനായി 2002ലാണ്  തടാകവും ചേർന്നുള്ള  കരയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കൈമാറിയത്.  വൈകാതെ ഡിടിപിസി തടാകക്കരയിൽ നാല് കോട്ടേജും  കോൺഫറൻസ് ഹാളും ഫെസിലിറ്റേഷൻ സെന്ററും നിർമിച്ചു. 
ബോട്ടിംഗ് സൗകര്യം ഏർപ്പെടുത്തി. 2010 ഓഗസ്റ്റ് 15ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ കർലാട് ടൂറിസം സെന്ററിന്റെ ഉദ്ഘാടനവും നടത്തി.  എങ്കിലും കർലാടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടായില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനാണ് കർലാടിനെ  80 ലക്ഷത്തോളം രൂപ ചെലവഴിച്ച് അഡ്വഞ്ചർ ക്യാമ്പായി വികസിപ്പിച്ചത്.  240 മീറ്റർ സിപ് ലൈൻ, 12 സ്വിസ് കോട്ടേജ് ടെന്റ്, 10 കനോയിംഗ് ആൻഡ് കയാക്കിംഗ് യൂണിറ്റ്, 18 അടി ഉയരമുള്ള രണ്ട് ലാൻഡ് സോർബിംഗ് ബാൾ, 12 പെയിന്റ് ബാൾ, എട്ട് ആർച്ചറി യൂണിറ്റ്, താത്കാലിക ഫ്‌ളോട്ടിംഗ് ബോട്ട്  ജെട്ടി, റോക് ക്ലൈംബിംഗ്  സൗകര്യങ്ങളാണ് നിലവിൽ കർലാടിലുള്ളത്. രാജ്യത്ത് നൈസർഗിക തടാകത്തിനു കുറുകെയുള്ള പ്രഥമ സിപ് ലൈനാണ് കർലാടിലേത്. സൗകര്യങ്ങൾ പരമാവധി  ഉപയോഗപ്പെടുത്താനും  കൂടുതൽ യുവ സാഹസികരെ ആകർഷിക്കുന്നതിനു പദ്ധതികൾ  പ്രാവർത്തികമാക്കാനുമാണ് അഡ്വഞ്ചർ ഫൗണ്ടേഷന്റെ നീക്കം. 
2013ൽ കർലാടിലേക്ക് വാങ്ങിയതിൽ പെയിന്റ് ബോൾ, വാട്ടർ സോർബിംഗ് ബോൾ, ലാൻഡ് സോർബിംഗ് ബോൾ, ആർച്ചറി സാമഗ്രികൾ, ചൂണ്ടകൾ എന്നിവ ഇന്നോളം ഉപയോഗപ്പെടുത്തിയിട്ടില്ല. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കന്ദ്രങ്ങളായ എടക്കൽ റോക് ഷെൽട്ടർ, പൂക്കോട്  തടാകം,കുറുവ ദ്വീപ്, ബാണാസുരസാഗർ  അണ എന്നിവിടങ്ങളിൽ സീസണിൽ ദിവസം 2000നും 3000നും ഇടയിൽ സഞ്ചാരികളെത്തുന്നുണ്ട്.  ഓഫ് സീസണിൽ ഇത്  200 മുതൽ 500 വരെയാണ്. സീസണിൽ ദിവസം കുറഞ്ഞത് 800-ഉം ഓഫ് സീസണിൽ 150-ഉം  സഞ്ചാരികൾ ക്യാമ്പിൽ എത്തുമെന്നായിരുന്നു  ഡിടിപിസിയുടെ കണക്കുകൂട്ടൽ. എന്നാലിത് തെറ്റുകയാണുണ്ടായത്.  സീസണിൽ അടക്കം സഞ്ചാരികളുടെ പ്രവാഹം കർലാടിലേക്ക് ഉണ്ടായില്ല. ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിനുള്ള തന്ത്രങ്ങൾ അഡ്വഞ്ചർ ഫൗണ്ടേഷനും ഡിടിപിസിയും മെനഞ്ഞുവരികയാണ്. 
രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെയാണ് അഡ്വഞ്ചർ ക്യാമ്പിൽ സന്ദർശകർക്ക് പ്രവേശനം.  
 

Latest News