സകാക്ക - ഇന്ത്യന്‍ യുവാവ് മുഹമ്മദ് തഹ്‌സീന് സ്വന്തം നാട്ടുകാരിയായ ആയിശ ജാവലയുമായി സൗദിയില്‍ മനമറിഞ്ഞ മാംഗല്യം. അല്‍ജൗഫ് പ്രവിശ്യയിലെ ഹിദൈബ് ഗ്രാമമാണ് ഇന്ത്യന്‍ ദമ്പതികളുടെ സൗദി സ്റ്റൈല്‍ വിവാഹത്തിനു സാക്ഷ്യം വഹിച്ചത്. വധൂവരന്മാരുടെ സ്‌പോണ്‍സര്‍മാരാണ് ഇവരുടെ വിവാഹം കെങ്കേമമായി നടത്തിയത്.
സ്‌പോണ്‍സര്‍മാരുടെ കുടുംബങ്ങളും ബന്ധുക്കളും പൗരപ്രമുഖരും നാട്ടുകാരും ഇന്ത്യക്കാരന്റെ സുഹൃത്തുക്കളും വിവാഹാഘോഷത്തില്‍ പങ്കെടുത്തു.
ഉത്തര സൗദിയില്‍ സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന എല്ലാ ചടങ്ങുകളും ഇന്ത്യന്‍ ദമ്പതികളുടെ വിവാഹാഘോഷത്തിലുമുണ്ടായിരുന്നു. വരന്‍ മുഹമ്മദ് തഹ്‌സീന്‍ സൗദികളെ പോലെ വേഷം ധരിച്ച് അണിഞ്ഞൊരുങ്ങിയിരുന്നതിനാല്‍ കാഴ്ചയില്‍ വിദേശിയാണെന്ന് ആര്‍ക്കും തോന്നുമായിരുന്നില്ല. വിവാഹത്തോടനുബന്ധിച്ച് സ്‌പോണ്‍സറും കുടുംബാംഗങ്ങളും അടക്കമുള്ളവര്‍ പങ്കെടുത്ത നാടന്‍ പാട്ടും നൃത്തവും ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. ദമ്പതികള്‍ക്ക് കഴിയുന്നതിന് മുഹമ്മദ് തഹ്‌സീന്റെ സ്‌പോണ്‍സര്‍ നവാഫ് അല്‍റുവൈലി പ്രത്യേക മണിയറയും സജ്ജീകരിച്ചിരുന്നു.
ബന്ധപ്പെട്ട സൗദി വകുപ്പുകളില്‍ നിന്നുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കുശേഷം ഇന്ത്യന്‍ എംബസിയുമായി ആശയവിനിമയം നടത്തിയാണ് വിവാഹം പൂര്‍ത്തിയാക്കിയതെന്ന് സ്‌പോണ്‍സര്‍ നവാഫ് അല്‍റുവൈലി പറഞ്ഞു. വിവാഹം കഴിക്കുന്നതിനുള്ള ആഗ്രഹം മുഹമ്മദ് തഹ്‌സീന്‍ സ്‌പോണ്‍സറെ അറിയിക്കുകയായിരുന്നു.
ഭംഗിയായും ആത്മാര്‍ഥതയോടെയും ജോലി നിര്‍വഹിക്കുന്ന ഇന്ത്യക്കാരന്റെ വിവാഹം നടത്തേണ്ടത് തങ്ങളുടെ കടമയായി സൗദി പൗരന്‍ കണ്ടു. തുടര്‍ന്ന് തൊഴിലാളിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണമായി. വൈകാതെ സുവൈറില്‍ മറ്റൊരു സൗദി പൗരനു കീഴില്‍ വേലക്കാരിയായി ജോലി ചെയ്യുന്ന ഇന്ത്യക്കാരിയെ മുഹമ്മദ് തഹ്‌സീന് യോജിച്ച വധുവായി കണ്ടെത്തി. അമുസ്‌ലിമായ യുവതി വിവാഹത്തിന് സമ്മതിക്കുകയും ഇസ്‌ലാമികാധ്യാപനങ്ങളും സൗദിയിലെ നിയമവും അനുസരിച്ച് വിവാഹം സാധുവാകുന്നതിന് മതം മാറുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നാണ് ഇരു കുടുംബങ്ങളും മുന്‍കൈയെടുത്ത് വിവാഹത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്. ആഴ്ചയില്‍ ഒരു ദിവസം മുഹമ്മദ് തഹ്‌സീനൊപ്പം കഴിയുന്നതിന് ആയിശക്ക് ജോലിയില്‍ നിന്ന് പൂര്‍ണമായും അവധി നല്‍കുമെന്ന് ആയിശയുടെ സ്‌പോണ്‍സര്‍ പറഞ്ഞു. സ്‌പോണ്‍സര്‍ മുന്‍കൈയെടുത്ത് വിവാഹം കെങ്കേമമായി നടത്തിയതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആഹ്ലാദമുണ്ടെന്നും തനിക്ക് പിറക്കുന്ന മകന് സ്‌പോണ്‍സറുടെ പേരിടുമെന്നും മുഹമ്മദ് തഹ്‌സീന്‍ പറഞ്ഞു.