Sorry, you need to enable JavaScript to visit this website.

 കേരളത്തിലുള്ളവർ യഥാർഥ ജീവിതം   ആസ്വദിക്കുന്നെന്ന് കശ്മീരി യുവാക്കൾ

കോഴിക്കോട്- കശ്മീരിൽ എങ്ങും പട്ടാളക്കാരാണെന്നും കേരളത്തിൽ എവിടെയും പട്ടാളക്കാരെ കാണാനായില്ലെന്നും യഥാർത്ഥ ജീവിതം ഇവിടെയുള്ള ജനങ്ങളാണ് ആസ്വദിക്കുന്നതെന്നും കശ്മീരിൽ നിന്നെത്തിയ യുവാക്കൾ. കശ്മീരി യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എത്തിയ യുവാക്കളാണ് തങ്ങൾ കണ്ട കേരളാനുഭവങ്ങൾ കലക്‌ട്രേറ്റ് ചേമ്പറിൽ ജില്ലാ കലക്ടർ സാംബശിവ റാവുവുമായി പങ്കുവച്ചത്. കോഴിക്കോടിന്റെ ആതിഥ്യമര്യാദയും സഹകരണവും നാടിന്റെ സൗന്ദര്യവും ആകർഷിച്ചതായും യുവാക്കൾ പറഞ്ഞു.   
കേരളം മാതൃകാ സംസ്ഥാനമാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം തുടങ്ങി എല്ലാ മേഖലകളിലും ഉയർന്ന നിലവാരമുള്ള കേരളത്തിൽ സന്ദർശനം നടത്താൻ ലഭിച്ചത് മികച്ച അവസരമായി കാണണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ശാക്തീകരണവും കൂട്ടായ്മയുമാണ് കേരളത്തെ മികച്ചതാക്കുന്നത്.
 ഐ.ടി മേഖലയിൽ ഉൾപ്പെടെ കേരളം മുൻപന്തിയിലാണ്. അറിവുകളെ അവസരോചിതമായി ഉപയോഗിക്കാൻ സാധിച്ചു എന്നതാണ് നടുക്കിയ പ്രളയകാലത്തും കേരളത്തിന് അതിജീവനം സാധ്യമാക്കിയത്. പ്രളയ സമയത്ത് സലൃമഹമൃലരൌല.ശി  എന്ന പോർട്ടൽ രൂപപ്പെടുത്തി എല്ലാവിധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ പൊതുജനങ്ങളുടെ കൂട്ടായ്മയിലൂടെ സാധിച്ചു. ഒപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന് സഹായം ലഭിച്ചിട്ടുണ്ട്. ഭൂപരിഷ്‌കരണ നയങ്ങളാണ് കേരളത്തിലെ സാധാരണക്കാരുടെ ജീവിതം സുഗമമാക്കിതെന്ന് കലക്ടർ വിശദീകരിച്ചു. സുന്ദരമായ പ്രകൃതി രമണീയത കൊണ്ട് അനുഗൃഹീതമായ കേരളത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം ടൂറിസത്തിനും മികച്ച പരിഗണന സർക്കാർ നൽകുന്നുണ്ട്. അവസരങ്ങൾ നമ്മുടെ ഓരോരുത്തരുടെയും വിരൽ തുമ്പിലുണ്ട്. കശ്മീരിലും അവസരങ്ങൾ കണ്ടെത്താനാകണം. 
അവനവനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എന്ത് ചെയ്യാനാകുമെന്ന് മനസിലാക്കുക വഴി വികസിതമായ ഒരു സമൂഹം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള പത്ത് ബാച്ചിലെ നാലാം ബാച്ചാണ് കോഴിക്കോട്ടെത്തിയത്. കേരളത്തിന്റെ വിവിധ മേഖലയിലെ വികസന നേട്ടങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. ശ്രീനഗർ, ബാരാമുല്ല, ബഡ്ഗാം ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം 65 ലധികം യുവാക്കളാണ് കലക്‌ട്രേറ്റിലെത്തിയത്. 
തുടർന്ന് സംഘം പ്രോവിഡൻസ് കോളേജ്, ഐ.ഐ.എം, കാരന്തൂർ വോളിബോൾ പാറ്റേൺ ക്ലബ് തുടങ്ങി സ്ഥലങ്ങൾ സന്ദർശിച്ചു. ഇന്നും നാളെയുമായി പ്ലാനറ്റോറിയം, ആകാശവാണി, പഴശ്ശി മ്യൂസിയം, കാപ്പാട്, ബേപ്പൂർ, ബോട്ടാണിക്കൽ ഗാർഡൻ, സി.വി.എൻ കളരിസംഘം എന്നിവ സന്ദർശിച്ചശേഷം തിങ്കളാഴ്ച സംഘം നാട്ടിലേക്ക് മടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാന യുവജനക്ഷേമ ബോർഡ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  
 

Latest News