തിരുവനന്തപുരം - സ്പീക്കറുടെ കസേര ഇളക്കി മാറ്റുന്ന ആ പഴയ രംഗത്തിന്റെ എൻലാർജ് ചെയ്ത ചിത്രവും പൊക്കിപ്പിടിച്ചായിരുന്നു ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ രംഗപ്രവേശം. സഭയിലെ ബേബിയും കോൺഗ്രസ് അംഗവുമായ എൽദോസ് കുന്നപ്പിള്ളി ആ ചിത്രം സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മുഖത്തിന് നേരെ തന്നെയങ്ങ് പിടിച്ചു. ആ ചിത്രത്തിന് താഴെ ഇങ്ങിനെയൊരു ഓർമ്മയെഴുത്തും്യുഉണ്ടായിരുന്നു 'ഓർമ്മയുണ്ടോ സർ ഈ രംഗം'
ശബരിമല വിഷയത്തിലെ നിയമസഭ പ്രക്ഷോഭം ഫലം കാണുന്നുവെന്ന് തോന്നിയതിനാലാകാം മൂന്നാം നാളും അതേവിഷയം കൂടുതൽ ശക്തിയോടെ സഭയിലെത്തിക്കാൻ പ്രതിപക്ഷം ശ്രമിച്ചത്. ഇന്നലെയാകട്ടെ ഇപ്പോഴത്തെ ഭരണകക്ഷി നിയമ സഭയിൽ നടത്തിയ അതിരു കടന്ന പ്രക്ഷോഭങ്ങളുടെ ഫോട്ടോ എൻലാർജ് ചെയ്‌തെത്തിച്ചത് മുറിവിൽ കാന്താരി നീരായി. കൊണ്ടു വന്ന ചിത്രത്തിലെ കാര്യങ്ങൾ വാചാലം- പ്രാകൃതമായ ഏതോ ഭാവത്തിലാണ് അന്നവർ സ്പീക്കറുടെ കസേര ഇളക്കി മാറ്റുന്നത്. ഇതു പോലൊരു ചിത്രം പോഡിയത്തിന് മുന്നിൽ സ്പീക്കറുടെ മുഖം മറക്കുന്ന വിധം കാണിച്ചു കൊടുത്താൽ എത്ര ക്ഷമയുള്ള ആളായാലും നിയന്ത്രണം വിട്ടുപോകും.
സ്പീക്കർ ശ്രീരാമകൃഷ്ണനാകട്ടെ തനിക്ക് സഭ കാണാൻ പറ്റാത്തവിധം മുന്നിൽനിന്ന് മുഖം മറക്കുന്ന പ്രതിഷേധ രീതി തീരെ ഇഷ്ടമില്ലാത്തയാളുമാണ്. പക്ഷെ അത്രക്കൊന്നും സ്പീക്കർ ക്ഷോഭിച്ചില്ല. പ്രതിപക്ഷം മര്യാദയുടെ സീമ ലംഘിക്കുന്നുവെന്ന വാചകത്തിന്റെ ആവർത്തനം മാത്രമായിരുന്നു സ്പീക്കറുടെ പ്രതികരണം. പക്ഷെ സി.പി.എമ്മിലെ ജോൺ ഫെർണാണ്ടസിന് ഇതൊക്കെ കണ്ടപ്പോൾ തോന്നിയത് മറ്റ് ചിലതാണ്. 'പ്രതിപക്ഷ അംഗങ്ങൾ ലഹരിയടിച്ചാണോ ഇതൊക്കെ ചെയ്യുന്നതെന്ന്' ഫെർണാണ്ടസ് പറഞ്ഞതായി പിന്നീട് മീഡിയ റൂമിൽ സംസാരിച്ച ഡോ. എം.കെ. മുനീർ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ നിയമസഭാ പ്രക്ഷോഭത്തെ ഭരണ ബെഞ്ച് എങ്ങിനെ കാണുന്നുവെന്ന് ഫെർണാണ്ടസിന്റെ വാക്കുകൾ അടിവരയിടുന്നു. കെ.എം. ഷാജിയുടെ അംഗത്വം റദ്ദായതുമായി ബന്ധപ്പെട്ടുണ്ടായ സ്പീക്കർ- പ്രതിപക്ഷ പോര് പിന്നീടുള്ള ദിവസങ്ങളിൽ രൂക്ഷമാവുകയായിരുന്നു. സഭ കഴിഞ്ഞ ശേഷവും, ഇന്നലെ സ്പീക്കറുടെ നിലപാടിനെതിരെ പ്രതിപക്ഷ പത്രസമ്മേളനവും സ്പീക്കറുടെ മറു പത്രസമ്മേളനവുമുണ്ടായി.
പ്രതിപക്ഷത്തിന്റെ നിയമസഭയിലെ 'ന്യായമായ' പ്രതിഷേധ രീതിയെ രൂക്ഷമായി വിമർശിക്കുന്ന സ്പീക്കറോട് ചെന്നിത്തലക്ക് പറയാനുള്ളത് ഇത്രമാത്രം- അങ്ങ് ആത്മ പരിശോധന നടത്തണം. അപ്പോൾ കാര്യങ്ങൾ ബോധ്യപ്പെടും.
ചോദ്യോത്തരവേള റദ്ദ് ചെയ്ത്, ശബരിമല അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ പ്രതിഷേധത്തിന്റെ തുടക്കം. ഒരു കാരണവശാലും പറ്റില്ലെന്ന് സ്പീക്കർ. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സ്പീക്കർ സംരക്ഷിക്കുന്നില്ലെന്ന് ചെന്നിത്തലയുടെ കുറ്റാരോപണം. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യമായിരുന്നു ആദ്യ ദിനം പ്രതിപക്ഷം മുന്നോട്ടുവെച്ചത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവായിരുന്നു തൊട്ടടുത്ത ദിവസങ്ങളിൽ വിഷയം. ഇന്നലെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് മുസ്‌ലിം ലീഗിലെ അഡ്വ. എൻ.ഷംസുദ്ദീൻ. പിന്നീടെല്ലാം തൊട്ട് മുമ്പത്തെ ദിവസത്തേത് പോലെ. ചോദ്യോത്തരവേള റദ്ദ് ചെയ്ത് അടിയന്തര പ്രമേയം പരിഗണിക്കുക, ഇല്ലെങ്കിൽ ശൂന്യവേളയിൽ അത് പരിഗണിക്കാമെന്ന് ഉറപ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചത്. എന്നാൽ സ്പീക്കർ തീരുമാനത്തിൽ ഉറച്ചുനിന്നു. പതിവു പോലെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലേക്ക്. സഭയിൽ മുദ്രാവാക്യം വിളിക്ക് മുന്നിലുണ്ടാകാറുള്ള യുവ അംഗങ്ങൾക്ക് മധ്യത്തിൽനിന്ന് എഴുതി കൊണ്ടുവന്ന മുദ്രാവാക്യം വിളിച്ചു കൊടുത്തത് ലീഗിലെ എൻ.എ നെല്ലിക്കുന്ന്. ശബരിമലയുമായി ബന്ധപ്പെട്ട നിയമസഭാ പ്രക്ഷോഭങ്ങളിലും ലീഗിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കാനായി പി.കെ. ബഷീറിനെയും കെ.എം. ഷാജിയെയും പോലുള്ള മറ്റംഗങ്ങളും ആവേശത്തോടെ രംഗത്ത്. ഇതോടെ ചോദ്യോത്തരവും സബ്മിഷനും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കി സഭ പിരിയാനെടുത്ത നേരം 25 മിനിറ്റ്.