കൊച്ചി- എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന എസ്.ഡി.പി.ഐ പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
നാലാം പ്രതി ബിലാൽ സജി, അഞ്ചാം പ്രതി ഫാറൂഖ് അമാനി, എട്ടാം പ്രതി ആദിൽ ബിൻ സലിം എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സുനിൽ തോമസ് തള്ളിയത്. കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികൾ ഏഴു മാസത്തിലധികമായി റിമാൻഡിലാണ്.
കുറ്റകൃത്യത്തിൽ പ്രതികൾക്ക് പങ്കുണ്ടെന്നും പ്രതികൾ ഓരോരുത്തരും അഭിമന്യുവിന് പരിക്കേൽപിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. പ്രതികൾ മാരാകായുധങ്ങളുമായി ആണ് എത്തിയത് സംഘടിത ഗഢോലോചന നടന്നുവെന്ന പ്രോസിക്യൂഷൻ വാദം അവിശ്വസിക്കേണ്ടതില്ല. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികൾ പരസ്പരം ഫോണിൽ ബന്ധപ്പെട്ടു. ആക്രമണത്തിന്റെ ഭീതിയും എതിർപ്പ് പ്രകടിപ്പിക്കാത്ത ഇരയുടെ ദേഹത്ത് ഏറ്റ പരിക്കുകളും ആക്രമണം ഏകപക്ഷീയമാണെന്ന് തെളിയിക്കുന്നു.
സംഘടിതമായ ആക്രമണമാണ് നടന്നത്. പ്രതികൾക്കെല്ലാം കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.