റിയാദ് - കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തബൂക്ക് സന്ദർശനത്തിടെ വാഗ്ദാനം ചെയ്ത മെഴ്‌സിഡസ് ബെൻസ് കാർ സൗദി ബാലന്റെ കുടുംബത്തിന് ലഭിച്ചു. വിലപിടിച്ച, ഏറ്റവും പുതിയ മോഡലിൽ പെട്ട ബെൻസ് കാർ തങ്ങൾക്ക് ലഭിച്ചതായി സൗദി ബാലൻ അബ്ദുല്ലയുടെ പിതാവ് മുഹമ്മദ് അൽഅതവി പറഞ്ഞു. ഗോത്രത്തിൽ പെട്ട ഒരാളുടെ ദിയാധനം വീട്ടുന്നതിന് കാർ സംഭാവന ചെയ്യാൻ താൻ തീരുമാനിച്ചതായും മുഹമ്മദ് അൽഅതവി പറഞ്ഞു.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നടത്തിയ തബൂക്ക് സന്ദർശനത്തിനിടെയാണ് സൗദി ബാലന് കിരീടാവകാശി ബെൻസ് കാർ സമ്മാനിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. തബൂക്ക് സന്ദർശനത്തിടെ പ്രവിശ്യയിലെ ഗോത്ര നേതാക്കളെ വീട്ടിലെത്തി കിരീടാവകാശി സന്ദർശിച്ചിരുന്നു. ഗോത്രത്തിൽ പെട്ട ഒരാൾ കൊലക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്നുണ്ട്. മൂന്നു കോടി റിയാൽ ദിയാധനം കൈമാറണമെന്ന ഉപാധിയോടെ ഈ പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയിട്ടുണ്ട്. ഈ ഗോത്രത്തിന്റെ നേതാക്കളെ സന്ദർശിക്കുന്നതിനിടെയാണ് മകൻ അബ്ദുല്ല കിരീടാവകാശിയെ സമീപിച്ച് തനിക്ക് മെഴ്‌സിസസ് ബെൻസ് കാർ സമ്മാനിക്കണമെന്ന് അപേക്ഷിച്ചത്. ഉടൻ അത് കിരീടാവകാശി സമ്മതിച്ചു.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വാഗ്ദാനം പാലിച്ചതു പ്രകാരം തങ്ങൾക്ക് കഴിഞ്ഞ ദിവസം ഏറ്റവും പുതിയ മോഡലിൽ പെട്ട ലക്ഷുറി ബെൻസ് കാർ ലഭിച്ചക്കുകയായിരുന്നു. കാർ വിൽപന നടത്തി ലഭിക്കുന്ന പണം ഗോത്രാംഗത്തിന്റെ ദിയാധനത്തിലേക്ക് നൽകുന്നതിന് തീരുമാനിച്ചതായും മുഹമ്മദ് അൽഅതവി പറഞ്ഞു.