ദുബായ്- യുഎഇയില്‍ വാരാന്ത്യവും ദേശീയ ദിന അവധിയും ഒന്നിച്ചെത്തിയതോടെ സ്വദേശികളും പ്രവാസികളുമെല്ലാം വലിയ ആഘോഷത്തിലാണ്. ദേശീയ ദിനത്തിന് ഇമാറാത്തികളും അല്ലാത്തവരും ഓരോ വര്‍ഷവും പുതിയ വെറൈറ്റികളാണ് ആഷോഷത്തിനായി പരീക്ഷിക്കാറുള്ളത്. ഡിസംബര്‍ രണ്ടിനാണ് നാഷണല്‍ ഡേ. എന്നാല്‍ ആഘോഷങ്ങളുടെ മറവില്‍ നടക്കുന്ന നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ വലിയ ജാഗ്രത കാണിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി കര്‍ശന മുന്നറിയിപ്പ് ദുബായ് പോലീസ് പുറത്തിറക്കി. കാറുകള്‍ കൊണ്ടുള്ള അഭ്യാസങ്ങള്‍ റോഡുകളില്‍ യുവാക്കളുടെ ഒരു പ്രധാന ഇനമാണെന്നിരിക്കെ ട്രാഫിക് ചട്ട ലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഈടാക്കുക. വാഹനങ്ങള്‍ നിറം മാറ്റി ഓവര്‍ ഡെക്കറേഷന്‍ ചെയ്യുന്നതിനും വിലക്കുണ്ട്.
ചട്ട ലംഘനങ്ങള്‍ക്കും അവയ്ക്കുള്ള പിഴയും ഇങ്ങനെയാണ്:
1. ഡ്രൈവറുടേയും മറ്റുള്ളവരുടേയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചാല്‍ 2000 ദിര്‍ഹമാണ് പിഴ. 23 ട്രാഫിക് പോയിന്റുകളും കിട്ടും. രണ്ടു മാസം കാര്‍ പിടിച്ചുവയ്ക്കുകയും ചെയ്യും.
2. അകാരണമായി റോഡിനു മധ്യത്തില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴ. ആറ് ട്രാഫിക് പോയിന്റ്.
3. അനുമതി ഇല്ലാതെ വാഹന മാര്‍ച്ച് നടത്തിയാല്‍ 500 ദിര്‍ഹം പിഴ. നാല് ട്രാഫിക് പോയിന്റ്. 15 ദിവസം വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും.
4. അസാധാരണ ശബ്ദമുള്ള വാഹനം ഓടിച്ചാല്‍ 2000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുകളും.
5. കാറിന്റെ ചില്ല് അനുമതിയില്ലാതെ ഇരുണ്ട സ്റ്റിക്കറൊട്ടിച്ച് മറച്ചാല്‍ 1500 ദിര്‍ഹം പിഴ
6. അനുമതിയില്ലാതെ വാഹനങ്ങളില്‍ വാക്കുകളോ സിറ്റിക്കറുകളോ പതിച്ചാല്‍ 500 ദിര്‍ഹം പിഴ.
7. അലോസരമുണ്ടാക്കുന്ന തരത്തില്‍ വാഹനത്തിലെ ഹോണോ സ്പീക്കറുകളോ പ്രവര്‍ത്തിപ്പിച്ചാല്‍ 400 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റ്ുകളും.
8. പോലീസ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും.
9. റോഡിലെ ട്രാഫിക് തടസപ്പെടുത്തിയാല്‍ 500 ദിര്‍ഹം പിഴ.
10. മങ്ങിയ നമ്പര്‍ പ്ലേറ്റുള്ള വാഹനം നിരത്തിലിറക്കിയാല്‍ പിഴ 400 ദിര്‍ഹം.
11. വാഹനങ്ങളില്‍ നിന്ന് മാലിന്യം പൊതു റോഡിലേക്ക് വലിച്ചെറിഞ്ഞാല്‍ പിഴ 1000 ദിര്‍ഹം. കൂടാതെ ആറ് ട്രാഫിക് പോയിന്റുകളും.
മറ്റു പ്രധാന സുരക്ഷാ മുന്നറിയിപ്പുകള്‍
കടപ്പാട്: ഖലീജ് ടൈംസ്