അബുദാബി- വാഗ്ദാനം ചെയ്ത വേതനം നല്‍കാതിരുന്ന തൊഴിലുടമയെ കുത്തിക്കൊലപ്പെടുത്തിയ വര്‍ക് ഷോപ്പ് തൊഴിലാളിക്കു വധശിക്ഷ. അബുദാബി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
1500 ദിര്‍ഹം പ്രതിമാസ വേതനം നിശ്ചയിച്ചായിരുന്നു ഇയാള്‍ക്കു നിയമനം. ഇതില്‍ 500 ദിര്‍ഹം കുറച്ചതില്‍ പ്രകോപിതനായ പ്രതി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.
പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് തൊഴിലുടമ നിര്‍ബന്ധിച്ചെന്നും അതിന് വിസമ്മതിച്ചതിനാണ് ശമ്പളത്തില്‍ 500 ദിര്‍ഹം പിടിച്ചുവെച്ചതെന്നുമായിരുന്നു പ്രതിയുടെ വാദം.
മുസഫയിലുള്ള വാഹന വര്‍ക്ക്‌ഷോപ്പിലേക്ക് വിസ നല്‍കി കൊണ്ടുവന്ന പാക്കിസ്ഥാനിയായ തൊഴിലുടമയെയാണു പ്രതി കൊലപ്പെടുത്തിയത്. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പാചകക്കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. തൊഴിലുടമയുടെ രണ്ടു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പ്രതി കവര്‍ന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ജോലിക്കു പോയ ഇയാളെ കത്തി വാങ്ങിയ കടയിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണ് കുടുക്കിയത്.
തനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ടെന്നും കൊണ്ടുപോകണമെന്നും പ്രതി തൊഴിലുടമയോട് ആവശ്യപ്പെടുകയായിരുന്നു. കാറില്‍ ഇയാളെ കൊണ്ടുപോയി. വിജന പ്രദേശത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തിക്കുകയും അതിനുള്ളില്‍വെച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്ന് കണ്ടെത്തിയതാണ് വധശിക്ഷ നല്‍കാന്‍ കാരണം.