പത്തനംതിട്ട- മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പത്തനംതിട്ട സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്‌ന ഫാത്തിമയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളി. പോലീസിന് ജയിലില്‍ എത്തി രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. രഹ്്‌നയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ അയ്യപ്പവേഷത്തില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കും വിധം രഹ്്‌ന ഫാത്തിമ ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയാണ് വിവാദമായത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പത്തനംതിട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. രഹ്ന ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.