തേഞ്ഞിപ്പലം- ദേശീയപാതക്കു വേണ്ടി സ്ഥലമേറ്റെടുക്കുന്നതിൽ സർക്കാർ സ്ഥലമുടമകളെ അവഗണിക്കുന്നതായി ആരോപിച്ച് എൻ.എച്ച് ആക്ഷൻ കൗൺസിൽ സമരം ശക്തമാക്കുന്നു. സ്ഥലമേറ്റെടുക്കുന്ന നടപടികൾ ഡിസംബർ ആറു മുതൽ ആരംഭിക്കാനിരിക്കെയാണ് പ്രദേശത്തെ സ്ഥലമുടമകളെ സംഘടിപ്പിച്ച് കൗൺസിൽ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നത്.
ദേശീയപാത നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കുമ്പോൾ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരമോ പുനരധിവാസ പാക്കേജോ തീരുമാനിക്കാതെയാണ് സ്ഥലമേറ്റെടുക്കൽ നടപടിയിലേക്ക് അധികൃതർ കടക്കുന്നതെന്ന് കൗൺസിൽ കുറ്റപ്പെടുത്തി. പാത കടന്നു പോവുന്ന നാല് താലൂക്കുകളിൽപ്പെടുന്ന 23 വില്ലേജുകളിലും ഇരകളുടെ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
നേരത്തെ നടന്ന സമരങ്ങളിൽ പൂവൻചിന, കക്കാട്, ചേലേമ്പ്ര എന്നിവിടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. പുതിയ സമരപരിപാടികളുടെ ഭാഗമായി ഇന്ന് മൂന്നിയൂരിലെ വെളിമുക്ക്, എ.ആർ നഗറിലെ അരീതോട്, കൊളപ്പുറം എന്നിവിടങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ അബുലൈസ് തേഞ്ഞിപ്പലം അറിയിച്ചു.
നാളെ പൈങ്കണ്ണൂരിലും, ഞായറാഴ്ച വെന്നിയൂർ, സ്വാഗതമാട് എന്നിവിടങ്ങളിലും കുടുംബ സംഗമങ്ങൾ നടക്കും. ജില്ലയിൽ കഴിഞ്ഞ മാർച്ച് 15ന് സ്ഥലമെടുപ്പ് ത്രി.എ നോട്ടിഫിക്കേഷനിറക്കി നാലാം ദിവസം തന്നെ വൻ പോലീസ് വ്യൂഹത്തെ വിന്യസിച്ച് കുറ്റിപ്പുറത്ത് സർവേ നടത്തിയത് നിയമ വിരുദ്ധമാണെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ജില്ലയിൽ ഏറ്റെടുക്കപ്പെടുന്ന 400 ഏക്കർ ഭൂമിക്ക് നഷ്ടപരിഹാരം നൽകുവാൻ സെന്റിന് കുറഞ്ഞത് അഞ്ച് ലക്ഷം രൂപ കണക്കാക്കിയാൽ പോലും രണ്ടായിരം കോടി രൂപ വേണം, കൂടാതെ പൊളിക്കപ്പെടുന്ന രണ്ടായിരത്തോളം കെട്ടിടങ്ങൾക്കും കുഷിനാശം, തൊഴിൽ നഷ്ടങ്ങൾ തുടങ്ങിയ ഇനത്തിലുമായി മൊത്തം നാലായിരത്തോളം കോടി രൂപ സർക്കാർ ചെലവിടേണ്ടതുണ്ട്. എന്നാൽ മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ നഷ്ടപരിഹാരം നൽകാനായി കേന്ദ്രം അനുവദിച്ചിട്ടുള്ളത് 568 കോടി രൂപ മാത്രമാണ്.
തുഛമായ നഷ്ട പരിഹാരം മാത്രമേ ഇരകൾക്കു ലഭിക്കൂ എന്ന് വ്യക്തമായിരിക്കെ അക്കാര്യം മറച്ചുവെച്ച് ഒരടിസ്ഥാനവുമില്ലാത്ത വൻ വാഗ്ദാനങ്ങളാണ് ജില്ലാ ഭരണകൂടം നൽകുന്നതെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു.