Sorry, you need to enable JavaScript to visit this website.

രാജ്യ പുരോഗതിക്കായി പാരസ്പര്യം  രൂപപ്പെടണം -കാന്തപുരം

തൃശൂരിൽ നടന്ന മീലാദ് കോൺഫറൻസിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു.

തൃശൂർ- മാനുഷിക മൂല്യങ്ങളെ അവമതിക്കുന്ന ആധുനികതയുടെ അപചയങ്ങളെ പ്രതിരോധിക്കാൻ പ്രവാചക പാഠങ്ങൾ അനൽപമായ പങ്ക് വഹിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജില്ലയിലെ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന മീലാദ് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
നാടിനോട് കൂറും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള ഭരണകൂടങ്ങൾ രൂപപ്പെടണം. അധികാരത്തിനായി ജാതിയും മതവും ഉപയോഗപ്പെടുത്തുന്നത് ആപൽക്കരമാണ്. ദുരന്ത ഘട്ടങ്ങളിൽ സാന്ത്വന മനസ്സ് ഉണരുന്നത് ആശ്വാസകരമാണെങ്കിലും മനുഷ്യരിലും മത വിഭാഗങ്ങളിലും തമ്മിലുള്ള സൗഹൃദത്തിന്റെ വാതായനങ്ങൾ എല്ലാ സമയത്തും തുറക്കപ്പെടേണ്ടതാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ, വ്യാവസായിക, കാർഷിക മേഖലകളിൽ രാജ്യം ഇനിയും വികസനത്തിന്റെ വഴിയിൽ  സഞ്ചരിക്കേണ്ടതുണ്ട്. ഇതിനു വേണ്ടത് എല്ലാവരുടെയും പാരസ്പര്യമാണ്. ടെക്‌നോളജിയുടെ വികാസത്തിന് മതവും പ്രവാചകനും നൽകുന്ന പ്രോത്സാഹനം വിദ്യാഭ്യാസ വിചക്ഷണരേയും ചിന്തകരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മീലാദ് കോൺഫറൻസിനോടനുബന്ധിച്ച് നടന്ന ജില്ലയിലെ ഏറ്റവും വലിയ മൗലിദ് ജൽസക്ക് സയ്യിദ് സൈനുദ്ദീൻ ബുഖാരി കൂരിക്കുഴി, സമസ്ത കേന്ദ്ര മുശാവറ അംഗം ശാഹിദുൽ ഉലമ വെന്മേനാട് അബൂബക്കർ മുസ്‌ലിയാർ, സമസ്ത ജില്ലാ ട്രഷറർ മാടവന ഇബ്രാഹിം കുട്ടി മുസ്‌ലിയാർ, ഐ.എം.കെ ഫൈസി, ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂർ എന്നിവർ നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീൻകുട്ടി മുസ്‌ലിയാർ പ്രാർഥന നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അധ്യക്ഷൻ പി.കെ.ബാവ ദാരിമിയുടെ അധ്യക്ഷതയിൽ ഹജ് കമ്മിറ്റി ചെയർമാർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജന.  സെക്രട്ടറി പി.എസ്.കെ മൊയ്തു ബാഖവി മാടവന വിഷയം അവതരിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജന: സെക്രട്ടറി അഡ്വ. പി.യു അലി, സമസ്ത ജില്ലാ സെക്രട്ടറി കെ.ആർ നസറുദ്ദീൻ ദാരിമി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഅദി, എസ്.എം.എ ജില്ലാ പ്രസിഡന്റ് മൊയ്തീൻകുട്ടി മുസ്‌ലിയാർ പാലപ്പിള്ളി, എസ്.വൈ.എസ് ജില്ലാ ജന. സെക്രട്ടറി എം.എം ഇബ്രാഹിം, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.ബി ബഷീർ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ എം.വി.എം അശ്‌റഫ് ഒളരി നന്ദിയും പറഞ്ഞു.
 

Latest News