ജിദ്ദ - ധാർമികതക്ക് നിരക്കാത്ത ഉള്ളടക്കങ്ങൾ അടങ്ങിയ പുസ്തകം ബുക്‌സ്റ്റോറുകളിൽ നിന്നും പ്രസാധനാലയങ്ങളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും പിൻവലിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ മക്ക പ്രവിശ്യ മീഡിയ മന്ത്രാലയ ശാഖക്ക് നിർദേശം നൽകി. 'അൽസിൽസിലത്തുൽ അഖ്‌ലാഖിയ ലിന്നാശിഈൻ' എന്ന ശീർഷകത്തിലുള്ള കൃതിയാണ് പിൻവലിച്ചത്. ഈ പുസ്തകത്തിൽ ഇസ്‌ലാമികാധ്യാപനങ്ങൾക്കും ധാർമിക മൂല്യങ്ങൾക്കും സാമൂഹിക ആചാരങ്ങൾക്കും നിരക്കാത്ത ഉള്ളടക്കങ്ങൾ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നിർദേശം ഉടനടി നടപ്പാക്കി മക്ക പ്രവിശ്യ മീഡിയ മന്ത്രാലയ ശാഖ പ്രവിശ്യയിലെ ബുക് സ്റ്റോറുകളിൽ നിന്നും പ്രസാധനാലയങ്ങളിൽ നിന്നും വിവാദ കൃതിയുടെ മുഴുവൻ കോപ്പികളും പിൻവലിച്ചു. മീഡിയ മന്ത്രാലയത്തിലെ പ്രത്യേക വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് സൗദിയിലെ മുഴുവൻ ബുക് സ്റ്റോറുകളിൽ നിന്നും പ്രസാധനാലയങ്ങളിൽ നിന്നും ഈ കൃതിയുടെ മുഴുവൻ കോപ്പികളും പിൻവലിച്ചതായും മീഡിയ മന്ത്രാലയം അറിയിച്ചു.