റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ സൗദികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് പൂർത്തിയാക്കി. അടുത്ത വർഷാദ്യം മുതൽ സ്വകാര്യ മേഖലയിലെ മുഴുവൻ സൗദി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ബാധകമാക്കും.
ഓരോ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും എണ്ണം അന്വേഷിച്ച് ഉറപ്പു വരുത്തുന്നതിന് നാഷണൽ ഇൻഫർമേഷൻ സെന്ററിനെയും കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിനെയും ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക നടപടികളെല്ലാം പൂർത്തിയാക്കിയതായി കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് അൽഹുസൈൻ പറഞ്ഞു. സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ സൗദി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ലക്ഷ്യമിട്ടാണിത്.
സൗദി ജീവനക്കാരുടെ ഭാര്യമാർ, വിവാഹിതരാകാത്ത പെൺമക്കൾ, ഇരുപത്തിയഞ്ചു വയസ്സിൽ കുറവ് പ്രായമുള്ള ആൺമക്കൾ എന്നിവരാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരുന്ന കുടുംബാംഗങ്ങൾ. ജനുവരി ഒന്നു മുതൽ സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസി ഏർപ്പെടുത്തുന്നതിനും പോളിസി പുതുക്കുന്നതിനും സൗദി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂടി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തൽ നിർബന്ധമായിരിക്കുമെന്ന് മുഹമ്മദ് അൽഹുസൈൻ പറഞ്ഞു. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് വർഷങ്ങൾക്കു മുമ്പ് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. 2015 ജനുവരി 21 മുതൽ വിദേശികളുടെ സ്‌പോൺസർഷിപ്പിലുള്ള ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. വിദേശ തൊഴിലാളികൾക്കും ആശ്രിതർക്കും സൗദി ജീവനക്കാർക്കും ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന്റെ മുഴുവൻ ചെലവും തൊഴിലുടമകളാണ് വഹിക്കേണ്ടത്.
ആരോഗ്യ പരിചരണവും ചികിത്സയും ലഭ്യമല്ലാത്ത വ്യാജ ഇൻഷുറൻസ് പോളിസികൾ ഇല്ലാതാക്കുന്നതിനും ഇൻഷുറൻസ് കമ്പനികൾക്കും ഉപയോക്താക്കൾക്കും ആശയക്കുഴപ്പമുണ്ടാകാതെ നോക്കുന്നതിനും ലക്ഷ്യമിട്ട് ഏകീകൃത പോളിസി പദ്ധതി അടുത്ത കാലത്ത് നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ സൗദി പൗരന്മാർക്കും അഞ്ചു വർഷത്തിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.