Sorry, you need to enable JavaScript to visit this website.

കിത്താബ് നാടകം തുടർന്ന്  അവതരിപ്പിക്കില്ലെന്ന് മേമുണ്ട സ്‌കൂൾ

കോഴിക്കോട് - കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കിത്താബ് എന്ന നാടകം വിവാദമായ പശ്ചാത്തലത്തിൽ തുടർന്ന് അവതരിപ്പിക്കേണ്ടതില്ലെന്ന് സ്‌കൂൾ അധികൃതർ തീരുമാനിച്ചു. ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നികച്ച നടിക്കുള്ള അംഗീകാരവും ഈ നാടകം കരസ്ഥമാക്കിയിരുന്നു. 
നാടകത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നാടകത്തിനെതിരെ കാമ്പസ് ഫ്രണ്ട് അതിജീവന കലാസംഘത്തിന്റെ ബാനറിൽ അവതരിപ്പിച്ച 'കിത്താബിലെ കൂറ' എന്ന പ്രതിനാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
 

സ്‌കൂൾ അധികൃതർ ഫെയ്‌സ്ബുക്കിൽ നൽകിയ കുറിപ്പ്:

#മേമുണ്ട_ഹയർസെക്കണ്ടറി_സ്കൂൾ_പത്രക്കുറിപ്പ്
കോഴിക്കോട് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്ക്കൂൾ മലയാള നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച "കിത്താബ് " എന്ന നാടകം ഒന്നാംസ്ഥാനവും, എ - ഗ്രേഡും, മികച്ച നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കുകയുണ്ടായി. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അംഗീകാരം ഈ നാടകത്തിന് ലഭിച്ചതിനുശേഷമാണ് നാടകത്തെക്കുറിച്ച് ചില വിവാദങ്ങൾ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു വിഭാഗത്തെ മോശമായി അവതരിപ്പിക്കാനാണ് നാടകം ശ്രമിച്ചതെന്ന വിമർശനം വന്ന ഉടനെ തന്നെ, ഈ നാടകവുമായി ബന്ധപ്പെട്ടവരും സ്കൂൾ അധികൃതരും ഗൗരവതരമായ ചർച്ചയും, വിശകലനവും നടത്തുകയുണ്ടായി. നാടക അവതരണത്തിൽ വന്ന ചില പരാമർശങ്ങളും, സന്ദർഭങ്ങളും ഒരു പ്രത്യേക വിഭാഗത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. എന്നാൽ ഇത് മനഃപൂർവ്വം സംഭവിച്ചതല്ല എന്നും വിലയിരുത്തി.

ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ഉയർത്തിപ്പിടിക്കേണ്ട പൊതുബോധം എക്കാലത്തും നിലനിർത്തി വന്നിട്ടുള്ള ഈ വിദ്യാലയം തുടർന്നും അത് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു. ആരെയെങ്കിലും വേദനിപ്പിച്ചോ, മനസ്സിൽ മുറിവേൽപ്പിച്ചോ ഒരു കലാപ്രവർത്തനവും നടത്താൻ ഇന്നേവരെ ഈ വിദ്യാലയം ശ്രമിച്ചിട്ടില്ല. ജനാധിപത്യപരവും, മതനിരപേക്ഷവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാലയ അന്തരീക്ഷത്തെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സ്ഥാപനത്തിന് ഒട്ടും താല്പര്യമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേൽപ്പിച്ചുകൊണ്ട് "കിത്താബ് " എന്ന നാടകം തുടർന്നവതരിപ്പിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിക്കുന്നു.

കലോത്സവ നാടകവുമായി ഉണ്ടായ വിവാദത്തിന്റെ മറവിൽ ഈ വിദ്യാലയം ഇന്നേവരെ നേടിയെടുത്ത മുഴുവൻ നേട്ടങ്ങളെയും ഇകഴ്ത്തിക്കാണിക്കാനും, ഇതിന്റെ വളർച്ചയെ തടയാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ചില തല്പരകക്ഷികൾ ഇതിനിടയിൽ നടത്തുന്നതായി ഞങ്ങൾ മനസ്സിലാക്കുന്നു. അത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു.

ഒരു വിദ്യാലയത്തിന്റെ യശസ്സിന് കോട്ടം തട്ടാതെയും, നിലപാടുകളിൽ വെള്ളം ചേർക്കാതെയും, ജനാധിപത്യപരമായ ചർച്ചകളിലൂടെയും, മതനിരപേക്ഷ ആശയത്തിലൂന്നി നിന്നും ഈ സ്ഥാപനത്തിന്റെ തുടർപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഞങ്ങൾക്കു നൽകണമെന്നും അഭ്യർത്ഥിക്കുന്നു

*പ്രിൻസിപ്പാൾ & ഹെഡ്മാസ്റ്റർ*
*മേമുണ്ട HSS*

Latest News