എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായ 18 രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരും നിലവിൽ ജോലി ചെയ്യുന്നവരും വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നീട്ടിവെക്കാനുള്ള തീരുമാനം പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ്. ഇക്കാര്യത്തിൽ സാവകാശം വേണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു. എല്ലാ രാജ്യങ്ങളിലുമുള്ള വിദേശ ഇന്ത്യക്കാർക്ക് ബാധകമാക്കാതെ 18 രാജ്യങ്ങൾക്കു മാത്രമാക്കി ചുരുക്കിയതും വിമർശനം ക്ഷണിച്ചുവരുത്തിയുരന്നു. ഇതിനെതിരെ നിയമ പോരാട്ടം അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ള പ്രവാസി സംഘടനകളുടെ നീക്കം ശക്തമായിരിക്കെയാണ് കേന്ദ്ര സർക്കാർ ഇതിൽനിന്നു പിന്നോട്ടു പോയിട്ടുള്ളത്. താൽക്കാലികമായി നിർത്തിവെച്ചിട്ടുള്ള ഈ നടപടി എന്തുകൊണ്ടും ആശ്വാസകരം തന്നെയാണ്.
പശ്ചിമേഷ്യൻ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാർക്ക് പല തരത്തിലുള്ള പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും നിയമങ്ങളെയും എക്കാലവും നേരിടേണ്ടി വരാറുണ്ട്. ജോലി ചെയ്യുന്നിടങ്ങളിലെ പ്രശ്‌നങ്ങൾ ഏറെയാണ്. അവയെ എല്ലാം തരണം ചെയ്ത് സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും പരിപോഷണത്തിലും വിദേശനാണ്യ ശേഖരത്തിന് കനത്ത സംഭാവന നൽകി രാജ്യത്തിന്റെ വളർച്ചയിലും പങ്കാളിത്തം വഹിച്ചിട്ടും രാജ്യം തിരിച്ചു നൽകാറുള്ളത് പലപ്പോഴും കയ്‌പേറിയ അനുഭവങ്ങളാണ്.
അധിക യാത്രാനിരക്ക് ഉൾപ്പെടെയുള്ള യാത്രാ പ്രശ്‌നങ്ങൾ പ്രവാസം തുടങ്ങിയ കാലം മുതലുള്ളതാണ്. അതിന് ഇതുവരേക്കും ഒരാശ്വാസവും നൽകാൻ ഭരണ കർത്താക്കൾക്കായിട്ടില്ല. പ്രവാസികളുടെ മക്കളിൽനിന്ന് നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കുന്ന അധിക ഫീസ്, സർക്കാർ ആനുകൂല്യങ്ങളിൽനിന്നുള്ള അകറ്റി നിർത്തൽ തുടങ്ങി ഒട്ടേറെ വിവേചനങ്ങളാണ് നേരിടുന്നത്. വോട്ടവകാശത്തിനുള്ള മുറവിളി അധികാരി വർഗത്തിന്റെ ബധിര കർണങ്ങളിൽ പതിച്ചപ്പോൾ സുപ്രീം കോടതിയാണ് ആശ്വാസം പകർന്നത്. എന്നിട്ടും സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച കാലത്തും അക്കാര്യത്തിൽ ഒരു സുതാര്യത ഉറപ്പു വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ പരിഷ്‌കാരങ്ങളുടെയും ക്ഷേമം ഉറപ്പു വരുത്തലിന്റെയും പേരിൽ പുതിയ പുതിയ തലവേദനകൾ ഉണ്ടാക്കുന്നതിൽ ഒരു പിശുക്കും കാണിക്കാറുമില്ല.
എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടവരെയും വേണ്ടാത്തവരെയും തിരിച്ചറിയാൻ രണ്ടു നിറത്തിലുള്ള പാസ്‌പോർട്ട് കൊണ്ടുവരാനുള്ള ശ്രമമായിരുന്നു അതിൽ അവസാനത്തേത്. അതിനെ പ്രവാസികൾ ഒന്നടങ്കം എതിർത്തു തോൽപിച്ചതിനു തൊട്ടുപിന്നാലെയാണ് എമിഗ്രേഷൻ രജിസ്‌ട്രേഷനുമായി സർക്കാർ രംഗത്തു വന്നത്. പ്രത്യക്ഷത്തിൽ നിർദോഷമായ നിബന്ധന. രാജ്യത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥരായവർ എന്ന നിലയിൽ അതനുസരിക്കാൻ പ്രവാസികൾ തയാറുമായിരുന്നു. എന്നാൽ അതു നടപ്പാക്കാൻ കാണിക്കുന്ന തിടുക്കവും സാവകാശമില്ലായ്മയുമാണ് പ്രവാസികളിൽനിന്നു പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. യു.എന്നിനു കീഴിലെ ഇരുന്നൂറിലേറെ അംഗീകൃത രാജ്യങ്ങളിൽ ഒട്ടുമിക്കതിലും ഇന്ത്യക്കാരുണ്ട്. പക്ഷേ 18 രാജ്യങ്ങളിൽ മാത്രമായി നിജപ്പെടുത്തിയതാണ് ഗൾഫ് പ്രവാസികളിൽ സംശയം ജനിപ്പിച്ചത്. പ്രവാസികളുടെ ക്ഷേമം ഉറപ്പു വരുത്താനാണ് ആദ്യ ഘട്ടമെന്ന നിലയിൽ എമിമേഷൻ ക്ലിയറൻസ് ആവശ്യമായ രാജ്യങ്ങളിൽ ഇതു നടപ്പാക്കിയതെന്നായിരുന്നു സർക്കാർ വിശദീകരണം. ഇതംഗീകരിക്കാമെങ്കിലും എന്തിനിത്ര തിടുക്കം എന്നതായിരുന്നു ചോദ്യം.
നവംബർ 14 നാണ് വിദേശ മന്ത്രാലയം ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. 2019 ജനുവരി ഒന്നു മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്നായിരുന്നു അറിയിപ്പ്.
എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത (ഇ സി.എൻ.ആർ) പാസ്‌പോർട്ടുമായി തൊഴിൽ വിസയിൽ സൗദി അറേബ്യ, യു.എ.ഇ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ കുവൈത്ത്, ലബനോൻ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സുഡാൻ, സൗത്ത് സുഡാൻ, സിറിയ, തായ്‌ലന്റ്, യെമൻ എന്നീ രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവർക്കായിരുന്നു നിബന്ധന കൊണ്ടുവന്നത്. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും വിദേശ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ് സൈറ്റിൽ രിജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിർദേശം. അല്ലാത്തവർക്ക് യാത്ര സാധ്യമാവില്ലെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. പുതിയ വിസയിൽ തൊഴിൽ തേടി പോകുന്നവർക്ക് നിബന്ധന പാലിക്കാൻ പ്രയാസമുണ്ടാവില്ല. എന്നാൽ വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്നവരും ജനുവരി ഒന്നു മുതൽ ഈ നിബന്ധന പാലിക്കണമെന്ന നിർബന്ധന പലരുടെയും തൊഴിൽ നഷ്ടത്തിനും നാട്ടിൽ അടിയന്തരമായി ഒന്നു വന്നുപോകുന്നതിനോ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.
നാട്ടിൽ ഉപയോഗത്തിലിരിക്കുന്ന ഒരു മൊബൈൽ നമ്പർ നൽകി അതിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ എന്റർ ചെയ്താൽ മാത്രമാണ് രജിസ്റ്റർ ചെയ്യേണ്ട ഫോം സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. നാട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഫോൺ നമ്പർ ഇല്ലാത്തവർ ഒട്ടേറെയാണ്. മറ്റൊന്ന് ആധാർ കാർഡ് നമ്പറാണ്. ആധാർ പ്രവാസികൾക്ക് നിർബന്ധമില്ലെന്നും ലഭ്യമാകണമെങ്കിൽ തന്നെ കുറഞ്ഞത് നാട്ടിൽ ആറു മാസമെങ്കിലും ഉണ്ടായിരിക്കണമെന്നുമുള്ള പ്രചാരണത്തിലും മറ്റും കുടുങ്ങി ആധാർ എടുക്കാത്ത പ്രവാസികൾ നിരവധിയാണ്. അതുപോലെ ഒന്നിൽ കൂടുതൽ പാസ്‌പോർട്ട്, പാസ്‌പോർട്ടിലെ പിശകുകൾ തുടങ്ങിയവ കൊണ്ട് പ്രയാസപ്പെടുന്നവരുമുണ്ട്. ഒന്നിൽ കൂടുതൽ പാസ്‌പോർട്ടുള്ളവർക്ക് സറണ്ടർ ചെയ്യുന്നതിനും തെറ്റ് തിരുത്തലുകൾക്കും വിദേശ മന്ത്രാലയം അവസരം നൽകിയെങ്കിലും പലവിധ കാരണങ്ങളാൽ അത് ഇനിയും ഉപയോഗപ്പെടുത്താൻ കഴിയാത്തവരുണ്ട്. സറണ്ടർ ചെയ്തവർ തന്നെ സാങ്കേതിക കാരണങ്ങളാൽ യഥാസമയം തിരിച്ചു കിട്ടാതെ വിഷമിക്കുന്നുമുണ്ട്. ഇത്തരക്കാരെയെല്ലാം പുതിയ നിബന്ധന വല്ലാതെ അലട്ടുന്നതായിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ തൊഴിൽ നിയമങ്ങളും സാമ്പത്തിക പരിഷ്‌കാരങ്ങളും കൊണ്ടെല്ലാം ഇപ്പോൾ തന്നെ ഏറെ പ്രയാസങ്ങളാണ് നേരിടുന്നത്. ഇതോടൊപ്പം കൂനിൻമേൽ കുരുവെന്ന പോലെയാണ് സർക്കാറിന്റെ പുതിയ നിബന്ധനയും വന്നത്. അതുകൊണ്ടാണ് പ്രവാസ ലോകത്തുനിന്ന് ഇതിനെതിരെ ശക്തമായ എതിർപ്പുണ്ടായത്. നിബന്ധനകൾ പാലിച്ച് വിദേശത്ത് നിന്ന് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചവർക്ക് വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാറുകളാൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കഴിഞ്ഞിരുന്നില്ല.
അതുകൊണ്ട് കുറെക്കൂടി സാവകാശം സർക്കാർ ഇക്കാര്യത്തിൽ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്കു നൽകണമെന്നതായിരുന്നു പ്രവാസികളുടെ ആവശ്യം. അതല്ലെങ്കിൽ ക്ഷേമം ഉറപ്പാക്കാനായി നടത്തിയ പരിഷ്‌കാരം അവരുടെ ജീവിതോപാധിക്ക് തടസ്സമായി മാറുമെന്നും അവർ ചൂണ്ടിക്കാട്ടി. നാട്ടിൽ തൊഴിൽ സാഹചര്യങ്ങളില്ലാതിരുന്ന, സാങ്കേതിക വിദ്യകൾ ഇത്രയേറെ വികസിച്ചിട്ടില്ലാത്ത ഘട്ടത്തിൽ പരിമിതമായ പരിജ്ഞാനം കൊണ്ട് പാസ്‌പോർട്ട് പോലുള്ള രേഖകൾ സമ്പാദിച്ച് വിദേശത്ത് ആദ്യ കാലങ്ങളിൽ ജോലി തേടിയെത്തിയവരുടെ രേഖകളിൽ തെറ്റുകുറ്റങ്ങൾ പലതും കടന്നു കൂടിയിട്ടുണ്ടാകാം. അത് തിരുത്താനുള്ള സാവകാശവും തിരുത്തി നൽകാനുള്ള സന്മനസ്സും അധികൃതർ കാണിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്തായാലും താൽക്കാലികമായാണെങ്കിലും രിജിസ്‌ട്രേഷൻ നടപടികൾ നിർത്തിവക്കാനുള്ള സർക്കാർ തീരുമാനം എന്തുകൊണ്ടും സ്വാഗതാർഹമാണ്.