Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ കള്ളനോട്ട്  നിർമാണ സംഘം അറസ്റ്റിൽ

ജിദ്ദയിൽ അറസ്റ്റിലായ കള്ളനോട്ട് നിർമാണ സംഘത്തില്‍നിന്ന് കണ്ടെത്തിയ വ്യാജ കറൻസി ശേഖരവും.

ജിദ്ദ - നാലംഗ കള്ളനോട്ട് നിർമാണ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ഈജിപതുകാരും ഒരു സിറിയക്കാരനും ഒരു ലെബനോനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. സംഘത്തിൽ ഒരാൾ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരനാണ്. കള്ളനോട്ട് നിർമിച്ച് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. 
സംഘാംഗങ്ങളിൽ ഒരാൾ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരനാണെന്നത് കള്ളനോട്ടുകൾ വേഗത്തിൽ പ്രചരിപ്പിക്കുന്നതിന് സംഘത്തിന് സഹായകമാകുമെന്നും ഇത് സാമ്പത്തിക, സുരക്ഷാ മേഖലകളിൽ വലിയ ഭീഷണിയാണെന്നുമുള്ള കാര്യം കണക്കിലെടുത്ത് പ്രതികളെ തിരിച്ചറിഞ്ഞ് എത്രയും വേഗം അറസ്റ്റ് ചെയ്യുന്നതിന് ജിദ്ദ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകി. കള്ളനോട്ട് വിപണനം ചെയ്യുന്നതിന് മധ്യവർത്തിയായി പ്രവർത്തിച്ചിരുന്ന സംഘാംഗത്തെയാണ് ആദ്യം തിരിച്ചറിഞ്ഞത്. കള്ളനോട്ട് വാങ്ങുന്നതിന് സന്നദ്ധനായ ഇടപാടുകാരനുള്ളതായി അറിയിച്ച് രഹസ്യ ഏജന്റുമാരിൽ ഒരാൾ മധ്യവർത്തിയെ സമീപിച്ച് പ്രത്യേകം കെണിയൊരുക്കിയാണ് പ്രതികളെ കഴിഞ്ഞ ദിവസം നഗരമധ്യത്തിലെ വീട് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്. 
അമേരിക്കൻ ഡോളറിന്റെയും സൗദി റിയാലിന്റെയും വ്യാജ കറൻസി ശേഖരം പ്രതികളുടെ പക്കൽ കണ്ടെത്തി. 100 ഡോളർ വിഭാഗത്തിൽ പെട്ട 6,61,000 ഡോളറിന്റെ വ്യാജ കറൻസിയും 500, 100 സൗദി റിയാൽ വിഭാഗങ്ങളിൽ പെട്ട നാലു ലക്ഷം റിയാലിന്റെ വ്യാജ കറൻസിയും ലാപ്‌ടോപ്പും പ്രിന്ററും വ്യാജ കറൻസി നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ദ്രവരൂപത്തിലുള്ള രാസപദാർഥങ്ങളും മറ്റും പ്രതികളുടെ പക്കൽ കണ്ടെത്തി. 

Latest News