അഞ്ചാമത് ഐ.എസ്.എല്‍ ഫുട്‌ബോളില്‍ ഇന്നത്തെ തെന്നിന്ത്യന്‍ ഡാര്‍ബിയില്‍ ചെന്നൈയന്‍ എഫ്.സിക്കും കേരളാ ബ്ലാസ്റ്റേഴ്‌സിനും നിലനില്‍പിന്റെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയന് ട്രോഫി നേടിയ ശേഷമുള്ള സീസണ്‍ ദുരന്തമായി. എട്ട് കളികളില്‍ ആറും തോറ്റ അവര്‍ നാല് പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള ദല്‍ഹി ഡൈനാമോസിനും നാല് പോയന്റുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ നില തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും ആശാവഹമല്ല. എട്ട് മത്സരങ്ങളില്‍ ഒരെണ്ണം മാത്രം ജയിച്ച് ഏഴ് പോയന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ കളിയില്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് ഇഞ്ചുറി ടൈമിലെ രണ്ടു ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു. സീസണ്‍ പാതിവഴി പിന്നിടും മുമ്പെ ഇരു ടീമുകളുടെയും പ്ലേഓഫ് സ്വപ്‌നം ആവിയായ പ്രതീതിയാണ്.
കഴിഞ്ഞ സീസണിലെ പ്രതിരോധ മികവ് മറന്ന ചെന്നൈയന്‍ ഈ സീസണില്‍ 16 ഗോളാണ് വഴങ്ങിയത്. കഴിഞ്ഞ സീസണില്‍ ഏഴ് ഗോളടിച്ച ജെജെ ലാല്‍പെഖ്‌ലുവക്ക് ഈ സീസണില്‍ അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയെ അവരുടെ തട്ടകത്തില്‍ വകവരുത്തിയ ശേഷം രണ്ടാമത്തെ ജയത്തിനായി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ലീഡ് പ്രതിരോധിക്കാന്‍ കഴിയാത്തതാണ് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രശ്‌നം.