കാസർകോട്- രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസാ അധ്യാപകനെ ഏഴ് വർഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മദ്രസയിലെ മൂന്നു വിദ്യാർഥികളെ പീഡിപ്പിച്ച തിരൂർ തുരുത്തിപ്പറമ്പിലെ നസീബ് മൗലവി(37)യെയാണ് കാസർകോട് ജില്ലാ അഡീ. സെഷൻസ് കോടതി (ഒന്ന്) മജിസ്‌ട്രേറ്റ് പി.എസ് ശശികുമാർ ശിക്ഷിച്ചത്.
2011 ഏപ്രിൽ 30ന് മുമ്പുള്ള പല ദിവസങ്ങളിലായി മൂന്ന് കുട്ടികളെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടികളുടെയും ബന്ധുക്കളുടെയും പരാതിയിൽ ചിറ്റാരിക്കാൽ എസ്.ഐയായിരുന്ന ഹരീഷ് ഷെട്ടിയാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. മത പഠനത്തിനിടെ ഭീഷണിപ്പെടുത്തി തങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് കുട്ടികൾ മൊഴി നൽകിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ പി.രാഘവൻ ഹാജരായി. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴയടച്ചാൽ ഇതിൽ നിന്നും 15,000 രൂപ വീതം പീഡനത്തിനിരയായ വിദ്യാർഥികൾക്ക് നൽകണമെന്നും കോടതി വിധിച്ചു.